
2021നെ അപേക്ഷിച്ച് എണ്ണത്തിൽ 69% വർദ്ധന
ന്യൂഡൽഹി: 2022ൽ വിവിധ വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിനായി രാജ്യം വിട്ട ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ഏഴര ലക്ഷത്തിലധികം. 7,50,365 ഇന്ത്യൻ വിദ്യാർത്ഥികളാണ് ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് തലങ്ങളിലെ പഠനങ്ങൾക്കും മറ്റ് ഉപരിപഠനങ്ങൾക്കുമായി വിവിധ ലോകരാജ്യങ്ങളിലേക്ക് ചേക്കേറിയത്. ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ ലക്ഷ്യസ്ഥാനം യുഎസ് ആണ്. 1,90,512 ഇന്ത്യൻ വിദ്യാർത്ഥികൾ കഴിഞ്ഞവർഷം യുഎസ് യൂണിവേഴ്സിറ്റികളിൽ ഉപരിപഠനത്തിനെത്തി. 1,85,955 ഇന്ത്യൻ വിദ്യാർത്ഥികൾ എത്തിയ കാനഡ തൊട്ടുപിന്നിലുണ്ട്. യുകെയിൽ ഉപരിപഠനത്തിനെത്തിയ വിദ്യാർത്ഥികളുടെ എണ്ണം 1,32,709 ആണ്. 59,044 പേർ ഓസ്‌ട്രേലിയയിലും 20,684 പേർ ജർമനിയിലും കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്ന് ഉപരിപഠനത്തിനെത്തി. രാജ്യസഭയിൽ കേന്ദ്രവിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാനാണ് ഈ കണക്കുകൾ വെളിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് രാജ്യസഭ എംപി ജോസ് കെ മാണിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി വിശദാംശങ്ങൾ പങ്കു വച്ചത്.
മുൻവർഷത്തെ അപേക്ഷിച്ച് 2022ൽ വിദേശ ഉപരിപഠനത്തിന് പോയ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 69% വർദ്ധനവുണ്ട്. 4,44,553 പേരാണ് 2021ൽ ഇന്ത്യയിൽ നിന്ന് ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളിൽ എത്തിയത്. 2021ൽ ഇത് 2,59,655 പേർ മാത്രമായിരുന്നു. മുൻവർഷങ്ങളിലും യുഎസും കാനഡയും യുകെയും തന്നെയായിരുന്നു ഇന്ത്യൻ വിദ്യാർത്ഥികളുടെ ഇഷ്ടരാജ്യങ്ങൾ. അതേസമയം ഇത്തവണ ഓസ്‌ട്രേലിയയും ജർമനിയും ഇന്ത്യൻ വിദ്യാർത്ഥികളുടെ കാര്യത്തിൽ വൻമുന്നേറ്റം കൈവരിച്ചു. റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈയിനിലേക്ക് ഉപരിപഠനത്തിന് പോകുന്ന വിദ്യാർത്ഥികളുടെഎണ്ണത്തിലാകട്ടെ, 2022ൽ വൻ ഇടിവ് സംഭവിക്കുകയും ചെയ്തു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണവും 2019 മുതൽ പൊതുവെ കുറയുകയാണെന്നതും ശ്രദ്ധേയമാണ്. ജർമനിയൊഴികെ മുൻനിര രാജ്യങ്ങളായ ഫ്രാൻസ്, നെതർലാൻഡ്‌സ്, നോർവെ എന്നിവിടങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ സാരമായ കുറവ് സംഭവിച്ചിട്ടുണ്ട്.
യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലേക്കാണ് നിലവിൽ ഇന്ത്യൻ വിദ്യാർത്ഥികൾ മുഖ്യമായും ഉപരിപഠനത്തിന് എത്തുന്നത്. ഓസ്‌ട്രേലിയ, യുകെ, യുഎസ് രാജ്യങ്ങളിലെ സർക്കാരുകൾ അടുത്തിടെ ഇന്ത്യയുമായി വ്യാപാര, വിദ്യാഭ്യാസ, ശാസ്ത്രസാങ്കേതിക രംഗങ്ങളിലും മറ്റു തന്ത്രപ്രധാന മേഖലകളിലും ഒട്ടേറെ കരാറുകൾ ഒപ്പുവെച്ചിരുന്നു. ജനസംഖ്യയിൽ ലോകത്ത് ഒന്നാമതെത്തിയതോടെ ഇന്ത്യയുടെ മനുഷ്യവിഭവശേഷി കാര്യമായി പരിഗണിച്ചു തന്നെയാണ് ഈ രാജ്യങ്ങളുടെ ഇടപെടലുകൾ. ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ കാര്യത്തിൽ ഈ രാജ്യങ്ങൾ പ്രത്യേക താത്പര്യം കാട്ടുന്നുമുണ്ട്. STEM (സയൻസ്, ടെക്‌നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ്) വിഷയങ്ങൾക്ക് പുറമെ ബിസിനസ് മാനേജ്‌മെന്റ് വിഷയങ്ങളും ഇന്ത്യൻ വിദ്യാർത്ഥികളുടെ പരിഗണനയിൽ മുന്നിലുണ്ട്. പുതിയ മേഖലകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ് & ബിഗ് ഡാറ്റ, ബിസിനസ് ഇന്റലിജൻസ് & അനലിറ്റിക്‌സ് എന്നിവയ്ക്കും ഇന്ത്യൻ വിദ്യാർഥികൾക്കിടയിൽ ഉയർന്ന ഡിമാൻഡുണ്ട്.
വിദേശത്ത് ഉപരിപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ കണക്കുകൾ പ്രത്യേകമായി രേഖപ്പെടുത്തുന്ന രീതി രാജ്യത്ത് നിലവിലില്ല. ഇന്ത്യൻ പൗരന്മാരുടെ വിദേശ യാത്രക്കുള്ള ഇമിഗ്രെഷൻ ക്ലിയറിംഗുമായി ബന്ധപ്പെട്ട ഡിസ്‌ക്‌ളോഷറിന്റെയും, വിദേശ രാജ്യത്തേക്കുള്ള വിസയിൽ രേഖപ്പെടുത്തുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ള കണക്കുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്.