ന്യൂഡൽഹി: പ്രധാനമന്ത്രി സൂര്യഭവനം പദ്ധതിയിൽ സോളർ പ്ലാന്റ് സ്ഥാപിക്കുന്നവർക്ക് പൊതുമേഖലാ ബാങ്കുകൾ വഴി 7% എന്ന കുറഞ്ഞ പലിശയ്ക്ക് വൈകാതെ വായ്പ ലഭ്യമാക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര പുനരുപയോഗ ഊർജമന്ത്രാലയവൃത്തങ്ങൾ സൂചിപ്പിച്ചു.
നിലവിൽ 9 മുതൽ 12% വരെയാണ് പല ബാങ്കുകളും വായ്പയ്ക്ക് ഈടാക്കുന്ന പലിശ. ഉദാഹരണത്തിന് 9.65% മുതൽ 10.65% ആണ് എസ്ബിഐയുടെ പലിശ. ഇത് കുറയ്ക്കാൻ കേന്ദ്രം ആവശ്യപ്പെട്ടേക്കും.
ഒരു വർഷത്തിനുള്ളിൽ ഒരു കോടി വീടുകളിൽ പുരപ്പുറ സോളർ പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഉയർന്ന സബ്സിഡിക്കു പുറമേ കുറഞ്ഞ നിരക്കിലുള്ള വായ്പയിലൂടെയും മാത്രമേ ഇത് കൈവരിക്കാൻ കഴിയൂ എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ദേശീയ സോളർ റൂഫ്ടോപ് പോർട്ടൽ വഴി തന്നെയാകും വായ്പയും ലഭ്യമാക്കുക.
സബ്സിഡി കുറച്ചാൽ 3 കിലോവാട്ട് പ്ലാന്റിന് ഏകദേശം 1 ലക്ഷം രൂപയാണ് ചെലവ്. ഈ ചെലവ് ഒരുമിച്ച് വഹിക്കാൻ കഴിയാത്തവർക്ക് വായ്പ സഹായകമാകും.
ഹൗസിങ് സൊസൈറ്റികളിൽ സ്ഥാപിക്കുന്ന 10 കിലോവാട്ടിനു മുകളിലുള്ള പ്ലാന്റുകളുടെ സബ്സിഡിയിൽ വൈകാതെ തീരുമാനമുണ്ടാകും. നിലവിൽ ഓരോ കിലോവാട്ടിനും 9,000 രൂപയാണ് സബ്സിഡി.
സോളർ പ്ലാന്റ് ഇൻസ്റ്റാൾ ചെയ്യുന്ന വെൻഡർമാരെ ഉപയോക്താക്കൾക്ക് റേറ്റ് ചെയ്യാനുള്ള സംവിധാനവും ഉടൻ വരും. ഉയർന്ന റേറ്റിങ്ങുള്ള വെൻഡറെ വിളിക്കാൻ ഇത് സഹായിക്കും.
സോളർ ഇൻസ്റ്റലേഷൻ ഗുണനിലവാരം പരിശോധിക്കാൻ പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ ‘സർപ്രൈസ് പരിശോധന’കളും ഏർപ്പെടുത്തും.