ന്യൂഡൽഹി: ക്വിക് കൊമേഴ്സ് മേഖലയില്‍ കടുത്ത മത്സരവുമായി കമ്പനികള്‍. സ്വിഗ്ഗ്വി ഇൻസ്റ്റമാർട്ട്, സെപ്റ്റോ, ബ്ലിങ്കിറ്റ് എന്നിവയുടെ ആധിപത്യം തകർത്ത് ആമസോണ്‍ കൂടി എത്തിയതോടെയാണ് മത്സരം കടുത്തത്. ഓർഡർ ചെയ്താല്‍ 15 മിനിറ്റിനുള്ളില്‍ നിത്യോപയോഗ സാധനങ്ങള്‍ വീട്ടിലെത്തിക്കുമെന്നാണ് ആമസോണിന്റെ വാഗ്ദാനം. ഈ മാസം അവസാനത്തോടെ ആദ്യഘട്ടമായി ബെംഗളുരുവില്‍ പദ്ധതിക്ക് തുടക്കമാകും. അതേസമയം, 10 മിനുട്ടിനുള്ളില്‍ പലചരക്ക് സാധനങ്ങള്‍ മുതല്‍ ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ വരെ വിതരണം ചെയ്യുമെന്നാണ് സൊമാറ്റോയുടെ ബ്ലിങ്കിറ്റും സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള സ്വിഗ്ഗ്വി ഇൻസ്റ്റാമാർട്ടും വാഗ്ദാനം ചെയ്തിട്ടുള്ളത്. മുകേഷ് അംബാനിയുടെ റിലയൻസും 10-30 മിനുട്ടിനുള്ളില്‍ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് മുംബൈയില്‍ തുടക്കമിട്ടിട്ടുണ്ട്. മാറുന്ന ഉപഭോക്തൃ രീതികള്‍ കണക്കിലെടുത്ത് അതിവേഗ വിതരണ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് കമ്ബനികള്‍. ഇതിനായി രാജ്യമൊട്ടാകെ വെയർഹൗസുകള്‍ സ്ഥാപിക്കാനാണ് ആമസോണ്‍ ഉള്‍പ്പടെയുള്ള കമ്ബനികള്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
ഇന്ത്യയിലെ 91 ശതമാനം ഓണ്‍ലൈൻ ഉപഭോക്താക്കളും ക്വിക് കൊമേഴ്സിനെക്കുറിച്ച് ബോധവാന്മാരാണെന്ന് മെറ്റ പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നു. ഇവരില്‍തന്നെ പകുതിയലിധകവും സേവനം പ്രയോജനപ്പെടുത്തിയിട്ടുമുണ്ട്. സ്വിഗ്ഗ്വി ഇൻസ്റ്റമാർട്ട് ഉള്‍പ്പടെയുള്ള കമ്പനികള്‍ നിരവധി നഗരങ്ങളില്‍ ഇതിനകം സാന്നിധ്യം ശക്തമാക്കിക്കഴിഞ്ഞു. ഓർഡർ ചെയ്താല്‍ മിനുട്ടുകള്‍ക്കുള്ളില്‍ വീടുകളിലെത്തിക്കാനുള്ള സംവിധാനം ഇവർക്കുണ്ട്.
ആമസോണ്‍ ഫ്രഷ് എന്നപേരില്‍ രണ്ട് മണിക്കൂറിനുള്ളില്‍ പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ആമസോണിന് നിലവില്‍ സംവിധാനമുണ്ട്. അതിവേഗ വിതരണ സംവിധാനം കൂടി തുടങ്ങിയാല്‍ സ്വിഗ്ഗി, സെപ്റ്റോ, ബ്ലിങ്കിറ്റ് എന്നിവയ്ക്ക് കനത്ത വെല്ലുവിളിയാകും. വലിയ ഉപഭോക്തൃ അടിത്തറയും വിതരണ മേഖലയിലെ മികവും ആമസോണ് നേട്ടമാകും. നിത്യോപയോഗ സാധനങ്ങള്‍ക്ക് പുറമെ ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങള്‍ പോലും അതിവേഗം വിതരണം ചെയ്യുന്നതിനാണ് ഇ-കൊമേഴ്സ് കമ്ബനികള്‍ തയ്യാറെടുക്കുന്നത്.
2023ലെ 32 ശതമാനത്തെ അപേക്ഷിച്ച് 2024ല്‍ ഉപഭോക്തൃ ഇലക്‌ട്രോണിക്സ് വില്പനയുടെ 34ശതമാനവും ഓണ്‍ലൈൻ സംവിധാനം വഴിയായിരുന്നു. അതായത് ഒരു വർഷത്തിനുള്ളില്‍ 11,000 കോടി രൂപയുടെ വില്പനയാണ് റീട്ടെയില്‍ സ്റ്റോറുകളില്‍നിന്ന് ഓണ്‍ലൈനിലേയ്ക്ക് മാറിയത്. സ്മാർട്ഫോണ്‍, ലാപ്ടോപ്, ടിവി, എയർകണ്ടീഷണർ, ഫ്രിജ് എന്നിവ ഉള്‍പ്പടെയുള്ളവയുടെ ഓണ്‍ലൈൻ വില്പന 2024ല്‍ രണ്ട് ലക്ഷം കോടി രൂപയയായിരിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.