രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിച്ചു കയറുന്നതിനിടെ, 2022-23 കാലയളവിലെ സോവറീന്‍ ഗോള്‍ഡ് ബോണ്ട് (എസ്ജിബി) പദ്ധതിയുടെ മൂന്നാംഘട്ട വില്‍പന റിസര്‍വ് ബാങ്ക് തിങ്കളാഴ്ച ആരംഭിച്ചു. നിക്ഷേപകര്‍ക്ക് ഗോള്‍ഡ് ബോണ്ട് വാങ്ങുന്നതിനുള്ള അപേക്ഷ ഡിസംബര്‍ 27 വരെ സമര്‍പ്പിക്കാം.
തിങ്കളാഴ്ച വിപണിയില്‍ പരിശുദ്ധ സ്വര്‍ണത്തിന്റെ വില ഗ്രാമിന് 5,550 രൂപയിലേക്ക് മുന്നേറിയിരുന്നു. എങ്കിലും ഒരു ഗ്രാം സ്വര്‍ണത്തിന് 5,409 രൂപയാണ് ഇത്തവണ റിസര്‍വ് ബാങ്ക് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നതിനാല്‍ ഗോള്‍ഡ് ബോണ്ടിന്റെ യൂണിറ്റുകള്‍ സമാന വിലയില്‍ തന്നെ വാങ്ങാനാകും.
ഇതിനു പുറമെ ഓണ്‍ലൈന്‍ മുഖേനയാണ് ഗോള്‍ഡ് ബോണ്ടിന് അപേക്ഷിക്കുന്നതെങ്കില്‍ അധികമായി 50 രൂപ വീതം ഗ്രാമിന് കിഴിവും ലഭിക്കും. അതായത്, ഓണ്‍ലൈന്‍ നിക്ഷേപകര്‍ക്ക് ഗ്രാമിന് 5,359 രൂപ നിരക്കില്‍ ഗോള്‍ഡ് ബോണ്ട് കരസ്ഥമാക്കാമെന്ന് സാരം. ഇതിനോടൊപ്പം ഭൗതിക സ്വര്‍ണത്തേക്കാള്‍ റിസര്‍വ് ബാങ്കിന്റെ ഗോള്‍ഡ് ബോണ്ട് പദ്ധതിക്കുള്ള സവിശേഷതകള്‍ ചുവടെ ചേര്‍ക്കുന്നു.
റിസ്‌കില്ലാതെ കൈകാര്യം ചെയ്യാം
ഭൗതിക സ്വര്‍ണം വാങ്ങുന്നത് നാണയം/ നീണ്ടകട്ട, ആഭരണങ്ങളുടെ രൂപത്തിലോ ആയാലും വീടുകളില്‍ കൈകാര്യം ചെയ്യുന്നതിനിടെ മോഷണം ഉള്‍പ്പെടെയുള്ള വിവിധ റിസ്‌കുകള്‍ നേരിടേണ്ടതായുണ്ട്.
സുരക്ഷയെ കരുതി ലോക്കറില്‍ വെയ്ക്കണമെങ്കില്‍ വാടക ഇനത്തിലും ഇന്‍ഷൂറന്‍സ് പരിരക്ഷ നേടണമെങ്കില്‍ ഉയര്‍ന്ന പ്രീമിയം ഇനത്തിലും അധികമായി പണം ചെലവിടേണ്ടിവരും. എന്നാല്‍ എസ്ജിബി മുഖേനയാണ് സ്വര്‍ണ നിക്ഷേപമെങ്കില്‍ മേല്‍സൂചിപ്പിച്ച റിസ്‌ക് ഘടകങ്ങളൊന്നും നേരിടേണ്ടതില്ല.
കൂടാതെ, സര്‍ക്കാരിന്റെ ഗ്യാരണ്ടി കൂടിയുള്ളതിനാല്‍ ബോണ്ടിന്റെ സാധുതയെ കുറിച്ചും നിക്ഷേപകര്‍ യാതൊരുവിധത്തിലും ആശങ്കപ്പെടേണ്ടതില്ല.
പലിശ
ഭൗതിക സ്വര്‍ണത്തിലെ നിക്ഷേപത്തേക്കാള്‍ ചുരുങ്ങിയ ചെലവിലും സുരക്ഷിതമായും സൂക്ഷിക്കാം എന്നതിനുപുറമെ, ഗോള്‍ഡ് ബോണ്ടിന് വാര്‍ഷികമായി 2.5% വീതം പലിശയും ലഭിക്കുമെന്നത് ഏറ്റവും വലിയ ആകര്‍ഷണം.
ബോണ്ടിന്റെ കാലാവധി പൂര്‍ത്തിയാകുന്നതു വരെയും നിക്ഷേപത്തിന്റെ മൂല്യത്തിന്മേലുള്ള പലിശ 6 മാസം കൂടുമ്പോള്‍ കൃത്യമായി വരവുവെയ്ക്കും.
നികുതി ആനുകൂല്യം
ഭൗതിക സ്വര്‍ണം കൈവശം വെച്ചിരിക്കുന്ന കാലയളവിന് അനുസരിച്ച് വില്‍ക്കുമ്പോള്‍ ഹ്രസ്വ/ ദീര്‍ഘകാല മൂലധന നേട്ടത്തിന്മേലുള്ള നികുതി അടയ്ക്കാന്‍ നിക്ഷേപകര്‍ ബാധ്യസ്ഥരാണ്. എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കുന്ന സ്വര്‍ണ ബോണ്ടുകള്‍ നികുതി മുക്തമാണ്.
പണയം വെയ്ക്കാം
സാമ്പത്തികമായ അടിയന്തര ഘട്ടങ്ങളില്‍ ഭൗതിക സ്വര്‍ണം ഈടായി നല്‍കി വായ്പ തരപ്പെടുത്താനാകും എന്നപോലെ സ്വര്‍ണ ബോണ്ടുകളും പണയം വെയ്ക്കാനുള്ള നിയമ സാധുതയുണ്ട്.
അതിനാല്‍ എമര്‍ജന്‍സി ഫണ്ട് കണ്ടെത്തുന്നതിനും എസ്ജിബിയിലൂടെ സാധിക്കും.