കൊച്ചി: കേന്ദ്ര ബാങ്കുകൾ പ്രഖ്യാപിക്കുന്ന പലിശ വർധന തുടങ്ങി ഏറ്റവും ഒടുവിൽ ‘ഹിൻഡൻബർഗ് ആക്രമണം’ വരെയുള്ള കാരണങ്ങളാൽ വിപണി തുടർച്ചയായി തകർച്ച നേരിടുമ്പോഴും ഓഹരി നിക്ഷേപ രംഗത്തേക്കു കടന്നു വരുന്നവരുടെ എണ്ണത്തിൽ വലിയ തോതിലുള്ള വർധന.
ഓഹരി നിക്ഷേപത്തിനു നിർബന്ധമായ ‘ഡീമാറ്റ്’ അക്കൗണ്ടുകളുടെ എണ്ണം 11 കോടി പിന്നിട്ടിരിക്കുന്നു. 5 മാസം മുൻപ് മാത്രമാണ് അക്കൗണ്ടുകളുടെ എണ്ണം 10 കോടിയിലെത്തിയത്. രാജ്യത്തെ രണ്ട് ഓഹരി ഡിപ്പൊസിറ്ററികളുടെയും കൂടി പക്കലുള്ള ആസ്‌തികളുടെ മൂല്യം (എയുസി) 361 ലക്ഷം കോടി രൂപയായിട്ടുണ്ട്.
മാസം ശരാശരി 20 ലക്ഷം അക്കൗണ്ടുകൾ തുറക്കുന്നുണ്ടെന്നു വെളിപ്പെടുത്തുന്നതാണു സെൻട്രൽ ഡിപ്പൊസിറ്ററി സർവീസസ് (ഇന്ത്യ) ലിമിറ്റഡ് (സിഡിഎസ്‌എൽ), നാഷനൽ സെക്യൂരിറ്റി ഡിപ്പൊസിറ്ററി ലിമിറ്റഡ് (എൻഎസ്‌ഡിഎൽ) എന്നിവയിൽ നിന്നുള്ള കണക്കുകൾ. രാജ്യത്തെ ഏറ്റവും വലിയ ഓഹരി ഡിപ്പൊസിറ്ററിയായ സിഡിഎസ്‌എലിൽ 8 കോടിയിലേറെയാണ് അക്കൗണ്ടുകൾ. എൻഎസ്‌ഡിഎല്ലിലെ അക്കൗണ്ടുകളുടെ എണ്ണം 3.10 കോടി.
അക്കൗണ്ടുകളുടെ എണ്ണത്തിൽ സിഡിഎസ്‌എൽ മുന്നിലാണെങ്കിലും അതിന്റെ അധീനതയിലുള്ള ആസ്‌തികളുടെ മൂല്യം 40 ലക്ഷം കോടി രൂപ മാത്രം. എൻഎസ്‌ഡിഎല്ലിനു 321 ലക്ഷം കോടി രൂപയുടെ ആസ്‌തി കൈവശമുണ്ട്. അക്കൗണ്ടുകളുടെ എണ്ണം നിക്ഷേപകരുടെ കൃത്യമായ കണക്കാണെന്നു കരുതാനാകില്ല. കാരണം ഒന്നിലേറെ അക്കൗണ്ടുകളുള്ള നിക്ഷേപകരുണ്ട്.
ഒരാൾതന്നെ ഡെറിവേറ്റീവ് വ്യാപാരത്തിനും നിക്ഷേപത്തിനും വെവ്വേറെ അക്കൗണ്ട് ആരംഭിക്കുന്നുണ്ടാവും. മറ്റു സൗകര്യങ്ങൾ കണക്കിലെടുത്തും ചിലർ ഒന്നിലേറെ അക്കൗണ്ട് ആരംഭിക്കാറുണ്ട്. ഇരട്ട അക്കൗണ്ടുകൾ ഒഴിവാക്കിയാലും മൊത്തം വർധന ഗണ്യമാണ്.
സാമ്പത്തിക സാക്ഷരതയിലെ വളർച്ച, ഓൺലൈൻ വ്യാപാരം സാധ്യമാക്കുന്ന സ്‌മാർട് ഫോണുകളുടെ വ്യാപനം, ഇ–കെവൈസി സൗകര്യം, വൻ തുകകൾക്കുള്ള ഓഹരി വിൽപനകളുടെ പ്രലോഭനം തുടങ്ങി ഡീമാറ്റ് അക്കൗണ്ട് വർധനയ്‌ക്കു പല കാരണങ്ങളും സഹായിക്കുന്നു.
വരുമാന ശേഷി കൈവരിക്കുന്ന യുവാക്കളാണു വിപണിയിലെ ഏറ്റവും പുതിയ നിക്ഷേപകർ.
എൽഐസി ഓഹരികളുടെ ആദ്യ പൊതു വിൽപന (ഐപിഒ) 32 കോടിയോളം പോളിസി ഉടമകളിൽ വലിയൊരു വിഭാഗം ഡീമാറ്റ് അക്കൗണ്ട് ഉടമകളാകുന്നതിനു സഹായിച്ചു.
അക്കൗണ്ട് ആരംഭിക്കാൻ പോളിസി ഉടമകളോട് എസ്‌എംഎസ് വഴിയും മാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെയും എൽഐസി നിരന്തരം അഭ്യർഥിക്കുകയുണ്ടായി.
ഏതാനും ദിവസം മുൻപ് അദാനി എന്റർപ്രൈസസിന്റെ മെഗ അനുബന്ധ ഓഹരി വിൽപന (എഫ്‌പിഒ) യും ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം വർധിക്കാൻ പ്രയോജനപ്പെട്ടു. പക്ഷേ വിവാദങ്ങളിലകപ്പെട്ടതു മൂലം അദാനി എന്റർപ്രൈസസ് 20,000 കോടി രൂപയുടെ എഫ്‌പിഒ ഉപേക്ഷിക്കുകയാണുണ്ടായത്.