ന്യൂഡല്‍ഹി: ബാങ്ക് വായ്പ വളര്‍ച്ചയില്‍ ഭവന വായ്പകള്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പോര്‍ട്ട്. 11 വര്‍ഷത്തില്‍ വിതരണം ചെയ്ത മൊത്തം വായ്പയില്‍ ഭവന വായ്പകളുടെ സംഭാവന ഗണ്യമാണ്. അതായത് ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ (എസ്സിബി) വിതരണം ചെയ്ത വായപകളില്‍ റെസിഡന്‍ഷ്യല്‍ ഭവനവായ്പകളുടെ വിഹിതം 2023 മാര്‍ച്ചില് 14.2 ശതമാനമായി ഉയര്‍ന്നു.
2012 മാര്‍ച്ചില്‍ ഇത് 8.6 ശതമാനമാണ്. 2023 മാര്‍ച്ച് അവസാനം ഭവന ക്രെഡിറ്റ് കുടിശ്ശിക 19,36,428 കോടി രൂപയായിട്ടുണ്ട്. ഈ കാലയളവില്‍, മൊത്തം വായ്പകളില്‍ വാണിജ്യ റിയല്‍ എസ്റ്റേറ്റിന്റെ (സിആര്‍ഇ) വിഹിതം 2.0-2.9 ശതമാനം വരെയാണ്.
മാത്രമല്ല 2022-23 ലെ നാലാം പാദത്തില്‍ (ജനുവരി-മാര്‍ച്ച്) ഭവന വില്‍പ്പന 21.6 ശതമാനം വര്‍ദ്ധിച്ചു. വില്‍പ്പനയോടൊപ്പം പുതിയ ലോഞ്ചുകളും ശക്തമായ ഡിമാന്റ് പ്രതിഫലിപ്പിക്കുന്നു.
അഖിലേന്ത്യാ ഭവന വില സൂചിക (എച്ച്പിഐ) 2022-23 ന്റെ നാലാം പാദത്തില്‍ കഴിഞ്ഞ പതിനേഴ് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവാണ് (4.6 ശതമാനം) രേഖപ്പെടുത്തിയത്
തുടര്‍ച്ചയായി (ക്യു-ഒ-ക്യു) എച്ച്പിഐ ജനുവരി-മാര്‍ച്ച് കാലയളവില്‍ 0.6 ശതമാനവും വര്‍ദ്ധിച്ചു. റിസര്‍വ് ബാങ്കിന്റെ ‘ഇന്ത്യയിലെ ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകളുടെ അടിസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ റിട്ടേണ്‍ ഓണ്‍ ക്രെഡിറ്റ് – മാര്‍ച്ച് 2023’ അനുസരിച്ച്, 9 ശതമാനത്തിലധികം പലിശ നിരക്ക് വഹിക്കുന്ന വായ്പകളുടെ വിഹിതം 2023 മാര്‍ച്ചില്‍ 56.1 ശതമാനമായാണ് ഉയര്‍ന്നത്.