ടയര്‍ ഉല്‍പ്പാദന കമ്പനിയായ കീറ്റിന്റെ മികച്ച രണ്ടാം ത്രൈമാസ പ്രവര്‍ത്തന ഫലത്തെ തുടര്‍ന്ന് വിവിധ ടയര്‍ കമ്പനികളുടെ ഓഹരികളില്‍ കുതിപ്പുണ്ടായി. കീറ്റ്, ജെകെ ടയര്‍, എംആര്‍എഫ്, അപ്പോളോ ടയേഴ്‌സ് തുടങ്ങിയ ടയര്‍ ഓഹരികളുടെ വില മൂന്ന് ശതമാനം മുതല്‍ 11 ശതമാനം വരെ ഉയര്‍ന്നു.
ജെകെ ടയറും എംആര്‍എഫും എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തി.
വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ത്രൈമാസ പ്രവര്‍ത്തനമാണ് ജൂലായ്-സെപ്‌റ്റംബര്‍ കാലയളവില്‍ കീറ്റ് കാഴ്‌ച വെച്ചത്.
അസംസ്‌കൃത സാമഗ്രികളുടെ ചെലവ് കുറഞ്ഞതും ഉല്‍പ്പന്നങ്ങളില്‍ വൈവിധ്യം വരുത്തിയതും കമ്പനിയുടെ മാര്‍ജിന്‍ ഉയര്‍ത്തുന്നതിന് സഹായകമായി. കീറ്റ് കൈവരിച്ച മികച്ച വളര്‍ച്ച മറ്റ് ടയര്‍ കമ്പനികളുടെ ഓഹരികളിലും മുന്നേറ്റത്തിന് വഴിയൊരുക്കി.
കേരള കമ്പനിയായ എംആര്‍എഫ് ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില 1,13,439.3 രൂപയാണ്. വിപണിയില്‍ ഒരു ലക്ഷത്തിന് മുകളില്‍ വിലയുള്ള ഏക ഓഹരിയാണ് എംആര്‍എഫ്.