ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

ഹ്രസ്വകാല മൂലധന നേട്ട നികുതി വർധന ഓഹരി വിപണിയെ സ്വാധീനിക്കുന്നതെങ്ങനെ?

മുംബൈ: നിക്ഷേപകരെ കണ്ണീരിലാഴ്ത്തി ധനമന്ത്രി നിർമ്മല സീതാരാമൻ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിൽ മൂലധന നേട്ടങ്ങൾക്ക് ചില നികുതി മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഹ്രസ്വകാല മൂലധന നേട്ടത്തിന് 20 ശതമാനം നികുതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

15 ശതമാനത്തിൽ നിന്നാണ് ഇത് 20 ശതമാനമാക്കി ഉയർത്തിയിരിക്കുന്നത്‌. ഇത് തീർച്ചയായും ചെറിയൊരു ശതമാനം വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. എന്നാൽ ഓഹരി വിപണി ഓരോ ദിവസവും ഉയരുന്നതും, കൂടുതൽ സാധാരണക്കാർ ഓഹരി വ്യാപാരത്തിലേക്ക് വരുന്നതും, ഡെറിവേറ്റീവ് വ്യാപാരം കൂടുന്നതും സെബിയുടെ പോലെ തന്നെ കേന്ദ്ര സർക്കാരിന് തലവേദന ഉണ്ടാക്കിയിരുന്നു.

ഹ്രസ്വകാല മൂലധന നേട്ടം ഉണ്ടായാൽ മറ്റു വരുമാനങ്ങളുടെ കൂടെ കൂട്ടാതെ തന്നെ 20 ശതമാനം നികുതി കൊടുക്കേണ്ടി വരും. ഹ്രസ്വകാല മൂലധന നേട്ടത്തിന് നികുതി പ്രഖ്യാപിച്ചതോടെ വിപണിയിൽ പൊടുന്നനെ തകർച്ച പ്രകടമായി. എന്നാൽ വീണ്ടും ഓഹരി വിപണി പകുതിയോളം നഷ്ടം കുറച്ചു.

മ്യൂച്ചൽ ഫണ്ടുകൾ വഴിയും, വിദേശ നിക്ഷേപകർ വഴിയും, ധാരാളം പണം ഇന്ത്യൻ ഓഹരി വിപണിയിലേക്ക് ഒഴുകി എത്തുന്നത് മൂലം, തകർച്ചകൾ ഉണ്ടായാൽ തന്നെ പെട്ടെന്ന് ഓഹരികൾ പുതിയ ഉയരത്തിലേക്ക് എത്തുന്ന പ്രവണത കഴിഞ്ഞ ഒരു വർഷത്തിൽ വളരെ സാധാരണയാണ്.

അതുകൊണ്ടു തന്നെ ഹ്രസ്വകാല മൂലധന നേട്ട നികുതി ഏർപ്പെടുത്തിയതുകൊണ്ടു വിപണി താത്കാലികമായി താഴുമെങ്കിലും പെട്ടെന്ന് തന്നെ തിരിച്ചു കയറുമെന്ന് വിദഗ്ധർ പറയുന്നു.

ദീർഘകാല മൂലധന നേട്ടം

എല്ലാ സാമ്പത്തിക, സാമ്പത്തികേതര ആസ്തികളുടെയും ദീർഘകാല മൂലധന നേട്ടങ്ങളുടെ നികുതി നിരക്ക് 10 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി ആയി ഉയരും. ദീർഘകാല മൂലധന നേട്ട നികുതിയുടെ ഇളവ് പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് 1.25 ലക്ഷം രൂപയായി ഉയർത്തി.

ഒരു വർഷത്തിലേറെയായി കൈവശം വച്ചിരിക്കുന്ന ലിസ്റ്റുചെയ്ത സാമ്പത്തിക ആസ്തികളെ ദീർഘകാലമായി തരംതിരിക്കുമെന്നും ബജറ്റ് പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഈ നികുതി നിർദേശങ്ങൾ പ്രാബല്യത്തിൽ വരും.

ഹ്രസ്വ – ദീർഘകാല മൂലധന നേട്ട നികുതികളുടെ ചരിത്രം
1992 ൽ ഹ്രസ്വകാല മൂലധന നേട്ടത്തിന് നികുതി മറ്റു വരുമാനങ്ങളുടെ കൂടെ കൂട്ടി സ്ളാബ് നിരക്കിൽ ആയിരുന്നു കണക്കാക്കിയിരുന്നത്. 1992 ലും, 1997 ലും, 1999 ലും, 2002 ലും , 2003 ലും ദീർഘ കാല മൂലധന നേട്ട നികുതി 20 ശതമാനയിരുന്നു.

അതുപോലെ ഈ വർഷങ്ങളിലെല്ലാം ഹ്രസ്വകാല മൂലധന നേട്ട നികുതി മറ്റു വരുമാനങ്ങളുടെ കൂടെ കൂട്ടി സ്ളാബ് നിരക്കിലായിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ 2004ൽ ദീർഘകാല മൂലധന നേട്ട നികുതി ഒഴിവാക്കി.

ഹൃസ്വകാല മൂലധന നേട്ട നികുതി 10 ശതമാനമാക്കി നിജപ്പെടുത്തി. ഹ്രസ്വകാല മൂലധന നേട്ടത്തിന് മറ്റു വരുമാനത്തിന്റെ കൂടെ കൂട്ടാതെ വേർതിരിച്ചു തന്നെ നികുതി നിലവിൽ വന്നത് 2004ൽ ആയിരുന്നു.

2008ൽ പി ചിദംബരം, ഹ്രസ്വകാല മൂലധന നേട്ട നികുതി 15 ശതമാനമാക്കി ഉയർത്തി. 2004 ലും, 2008 ലും, 2016 ലും, ദീർഘ കാല മൂലധന നേട്ടത്തിന് നികുതി ഉണ്ടായിരുന്നില്ല. 2018 ആയപ്പോൾ വീണ്ടും ദീർഘകാല മൂലധന നേട്ടത്തിന് നികുതി ഏർപ്പെടുത്തി.

ദീർഘകാല മൂലധന നേട്ടത്തിന് 10 ശതമാനവും, ഹ്രസ്വകാല മൂലധന നേട്ടത്തിന് 15 ശതമാനവുമായിരുന്നു നികുതി കൊണ്ടുവന്നത്.

ഓഹരി വിപണി പങ്കാളിത്തം കുറവായിരുന്ന സമയങ്ങളിൽ നികുതി വേണ്ടെന്നു വെച്ചും, ഇപ്പോഴത്തെ പോലെ ഓഹരി വിപണി പങ്കാളിത്തം കൂടുമ്പോൾ നികുതി കൂട്ടിയും, സാമ്പത്തിക നയങ്ങൾ മാറ്റുന്നത് സർക്കാരുകളുടെ പതിവാണ് എന്ന് കാണിക്കുന്നതിനാണ് ചരിത്രത്തിലൂടെ കടന്നു പോയത്.

X
Top