
ന്യൂഡല്‍ഹി: അവശ്യം വേണ്ട കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ആരോഗ്യ വിദഗ്ദ്ധരുടെ എണ്ണം 79.90 ശതമാനം കുറവാണെന്ന് റിപ്പോര്‍ട്ട്. ശസ്ത്രക്രിയാ വിദഗ്ധര്‍, ഒബി & ജിവൈ, ഫിസിഷ്യന്മാര്‍, ശിശുരോഗ വിദഗ്ധര്‍ എന്നിവരുള്‍പ്പെടെയാണ് ഇത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ ഉദ്ദരിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യാണ് ‘ഹാന്‍ഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓണ്‍ ഇന്ത്യന്‍ സ്‌റ്റേറ്റ്‌സ് ഓണ്‍ ഇന്ത്യന്‍ സ്‌റ്റേറ്റ്‌സ് 2021-22’ എന്ന സ്റ്റാറ്റിസ്റ്റിക്കല്‍ പ്രസിദ്ധീകരണത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
2021 ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് കെയര്‍ സെന്ററുകളിലാകെ 21,924 ഡോക്ടര്‍മാരുടെയും സ്‌പെഷ്യലിസ്റ്റുകളുടെയും ആവശ്യമുണ്ട്. ഇതില്‍ 13,637 പേരെ നിയമിക്കാനുള്ള അനുമതിയാണ് ലഭ്യമായത്. എന്നാല്‍ നിയമിച്ചതാകട്ടെ 4405 പേരെയും.
മൊത്തം 17,519 ഒഴിവുകള്‍ നികത്തപ്പെട്ടില്ല. കഴിഞ്ഞവര്‍ഷം 79.9 ശതമാനം ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുമ്പോള്‍ 2020 ല്‍ ഇത് 76.09 ശതമാനമാണ്. ഉത്തര്‍പ്രദേശില്‍ 3,012 രാജസ്ഥാനില്‍ 2,356, തമിഴ്‌നാട്ടില്‍ 1,540 എന്നിങ്ങനെയാണ് ആരോഗ്യ വിദഗ്ധരുടെ ആവശ്യമുള്ളത്.
എന്നാല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് യുപിയില്‍ 2,030 തസ്തികകള്‍ ഒഡീഷയില് 1,202 തസ്തികകള്‍ രാജസ്ഥാനില്‍ 994 തസ്തികകള്‍ എന്നിങ്ങനെയാണ്. ദാദ്ര & നഗര്‍ ഹവേലി, ദാമന്‍ & ദിയു എന്നിവിടങ്ങളില്‍,2019-21 കാലയളവില്‍, 75.8% വിളര്‍ച്ചയുള്ള കുട്ടികള്‍ ഉണ്ടെന്നും ആര്‍ബിഐ റിപ്പോര്‍ട്ട് പറയുന്നു. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ (എന്‍എഫ്എച്ച്എസ് 5) പ്രകാരമുള്ള കണക്കാണിത്.
വിളര്‍ച്ചയുള്ള ഗര്‍ഭിണികളുടെ എണ്ണം ലഡാക്കില്‍ 78.1 ശതമാനവും ബീഹാറില്‍ 63.1 ശതമാനവും പശ്ചിമ ബംഗാളില്‍ 62.3 ശതമാനവുമാണ്. ആന്ധ്രപ്രദേശിലാണ് ഏറ്റവും കൂടുതല്‍ ആശുപത്രികളുള്ളത്. നഗരപ്രദേശങ്ങളില്‍ 5,443, ഗ്രാമീണ മേഖലകളില്‍ 791. യുപിയാണ് തൊട്ടുപിന്നില്‍.
ഗ്രാമപ്രദേശങ്ങളില്‍ 4,475, നഗര പ്രദേശങ്ങളില്‍ 208. മൊത്തം എണ്ണം 4,683. സംസ്ഥാനങ്ങളിലെ സാമൂഹികജനസംഖ്യാശാസ്ത്രം, സംസ്ഥാന ആഭ്യന്തര ഉല്‍പ്പന്നം, കൃഷി, വില, വേതനം, വ്യവസായം, അടിസ്ഥാന സൗകര്യങ്ങള്‍, ബാങ്കിംഗ്, സാമ്പത്തിക സൂചികകള്‍ എന്നിവയെക്കുറിച്ചുള്ള ഉപദേശീയ സ്ഥിതിവിവരക്കണക്കുകളാണ് ആര്‍ബിഐയുടെ സ്റ്റാറ്റിസ്റ്റിക്കല്‍ പ്രസിദ്ധീകരണങ്ങളില്‍ ഇടം പിടിക്കാറുള്ളത്.
ഇതാദ്യമായാണ് പ്രസിദ്ധീകരണം ആരോഗ്യ സൂചകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.