
ന്യൂഡൽഹി: ഇന്ത്യയിൽ ഫാമുകളിൽ വളർത്തുന്നതല്ലാത്ത ചെമ്മീന്റെ കയറ്റുമതിക്ക് യുഎസ് ഏർപ്പെടുത്തിയ നിരോധനം വൈകാതെ പിൻവലിച്ചേക്കും. യുഎസിൽ ജോലി താൽപര്യപ്പെടുന്ന നഴ്സുമാരുടെയും ചാർട്ടേഡ് അക്കൗണ്ടന്റ്മാരുടെയും മറ്റും യോഗ്യതകൾ പരിശോധിക്കാനുള്ള സംവിധാനം സുഗമാക്കാനുള്ള നടപടികൾ വേഗത്തിലാക്കാനും വാഷിങ്ടണിൽ ചേർന്ന യുഎസ് – ഇന്ത്യ വ്യാപാര നയ ഫോറത്തിൽ ധാരണയായി.
ചെമ്മീൻ പിടിത്തം കടലാമകളെ ദോഷകരമായി ബാധിക്കുന്നുവെന്ന വിലയിരുത്തലിലാണ് 2018ൽ യുഎസ് നിരോധനം ഏർപ്പെടുത്തിയത്. കടലാമകൾ വലയിൽ കുടുങ്ങാത്ത വിധം ചെമ്മീൻ പിടിത്തം നടത്താൻ സഹായിക്കുന്ന സംവിധാനത്തിന്റെ (ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസ് – ടിഇഡി) പരീക്ഷണം വേഗത്തിൽ പൂർത്തിയാക്കാനാണ് ശ്രമം. ടിഇഡി വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങുന്നതോടെ കയറ്റുമതി നിരോധനവും നീങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
വാണിജ്യ മന്ത്രി പീയൂഷ് ഗോയലും യുഎസ് വ്യാപാര പ്രതിനിധി കാതറിൻ തായിയുമാണ് ചർച്ചകൾ നയിച്ചത്. നഴ്സിങ് ഉൾപ്പെടെയുള്ള പ്രഫഷനൽ സേവനങ്ങൾക്ക് ഇന്ത്യയിൽനിന്നു യുഎസിലേക്കു പോകുന്നവരുടെ നൈപുണ്യം വിലയിരുത്താനുള്ള പരീക്ഷകളും മറ്റും ഇന്ത്യയിൽതന്നെ ഏർപ്പെടുത്തുന്നതിന്റെ സാധ്യതകൾ പരിശോധനയിലാണ്.
കാർഡിയാക് സ്റ്റെന്റ്, കൃത്രിമ കാൽമുട്ട് എന്നിവയ്ക്ക് ഇന്ത്യയിൽ വില നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ യുഎസ് ശക്തമായി എതിർത്തിരുന്നു. എന്നാൽ, നിയന്ത്രണം ഉൽപാദകരെ ബാധിക്കില്ലെന്ന് ചർച്ചയിൽ ഇന്ത്യ വിശദീകരിച്ചു.
ഇറക്കുമതി ചെയ്യുമ്പോഴുള്ള വിലയും ആശുപത്രികൾ ഈടാക്കുന്ന വിലയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ആശുപത്രികളും ഇടനിലക്കാരും നേടുന്ന കൊള്ളലാഭം നിയന്ത്രിച്ച് ന്യായവില ഉറപ്പാക്കാനാണ് ശ്രമമെന്നും ഇന്ത്യ വ്യക്തമാക്കി.
ഐടി ഉൾപ്പെടെ അതീവ നൈപുണ്യം ആവശ്യമുള്ള മേഖലകളിൽ യുഎസിൽ ഏതാനും വർഷം മാത്രം ജോലി ചെയ്യുന്ന ഇന്ത്യക്കാർ സാമൂഹിക സുരക്ഷാ പദ്ധതിയിലേക്കു നൽകുന്ന പണം തിരികെ ലഭിക്കാൻ കരാറുണ്ടാക്കുന്ന കാര്യത്തിൽ അനുകൂല പ്രതികരണം ലഭിച്ചില്ലെന്ന് മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.
സാമൂഹിക സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കണമെങ്കിൽ 10 വർഷമെങ്കിലും പൂർത്തിയാക്കണം. അതിൽ കുറവു കാലയളവിൽ ജോലി ചെയ്യുന്നവർ നൽകുന്ന പണം തിരികെ നൽകാറില്ല. ഹൃസ്വകാലത്തേക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭിക്കാറുമില്ല.
നികുതി രഹിത ഇറക്കുമതി അനുവദിച്ച് വ്യാപാര മേഖലയിൽ ഇന്ത്യയ്ക്കു നൽകിയിരുന്ന പരിഗണന (ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസ് – ജിഎസ്പി) യുഎസ് 2019 ജൂണിൽ പിൻവലിച്ചിരുന്നു.
ഇതിൽ യുഎസ് കോൺഗ്രസ് തീരുമാനമെടുക്കാതെ അനുകൂല നടപടി സാധ്യമല്ലെന്നാണ് ചർച്ചയിൽ വ്യക്തമാക്കപ്പെട്ടത്.