ഡൽഹി: ശ്രീറാം ഗ്രൂപ്പിന്റെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ ഡിസംബർ പാദത്തോടെ ലയിപ്പിക്കുമെന്ന് സ്ഥാപനത്തിന്റെ എംഡിയും സിഇഒയുമായ വൈഎസ് ചക്രവർത്തി പറഞ്ഞു. ചെന്നൈ ആസ്ഥാനമായുള്ള ശ്രീറാം ഗ്രൂപ്പ് 2021 ഡിസംബറിൽ രണ്ട് നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികളുടെ (എൻബിഎഫ്‌സി) ലയനം പ്രഖ്യാപിച്ചിരുന്നു, ഇത് 1.5 ലക്ഷം കോടി രൂപയിലധികം മാനേജ്‌മെന്റ് ആസ്തിയുള്ള (എയുഎം) രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിൽ എൻബിഎഫ്‌സിയെ സൃഷ്ടിക്കും. ഈ ലയനം പൂർത്തിയാകുന്നതോടെ നിർദിഷ്ട സ്ഥാപനത്തിന് 3,500-ലധികം ശാഖകളുടെ വിതരണ ശൃംഖലയുണ്ടായിരിക്കും.
ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ് ലിമിറ്റഡിന്റെ (എസ്‌സിയുഎഫ്) ലയനത്തിന് ഇതിനകം തന്നെ ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചു. കൂടാതെ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ), കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) എന്നിവയിൽ നിന്ന് ഉടൻ അനുമതി ലഭിക്കുമെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വൈഎസ് ചക്രവർത്തി പറഞ്ഞു. ഈ അനുമതികൾക്ക് ശേഷം നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന് (എൻസിഎൽടി) അന്തിമ ഉത്തരവ് പുറപ്പെടുവിക്കാൻ എട്ട് മുതൽ പത്ത് ആഴ്ച വരെ സമയം വേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻസിഎൽടിയിൽ നിന്ന് ഓർഡർ ലഭിച്ചു കഴിഞ്ഞാൽ ഉടനടി തന്നെ ലയന നടപടികൾ പൂർത്തിയാക്കുമെന്ന് വൈഎസ് ചക്രവർത്തി പറഞ്ഞു. ഇന്ത്യൻ ധനകാര്യ സേവന മേഖലയിലെ ഒരു പ്രമുഖ സ്വകാര്യ കമ്പനിയാണ് ശ്രീറാം ഗ്രൂപ്പ്. ചിട്ടി ഫണ്ട് കമ്പനിയായി പ്രവർത്തനം ആരംഭിച്ച ഗ്രൂപ്പിന് നിലവിൽ ശ്രീറാം ട്രാൻസ്‌പോർട്ട് ഫിനാൻസ്, ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ്, ശ്രീറാം ജനറൽ ഇൻഷുറൻസ് എന്നി കമ്പനികളുണ്ട്. ശ്രീറാം ഗ്രൂപ്പിന് നിലവിൽ 3200-ലധികം ശാഖകളും 1.8 ലക്ഷം കോടിയുടെ എ.യു.എംമ്മുമുണ്ട്.