കൊച്ചി: രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ വനിതകളുടെ പങ്ക് 2017-ലെ 15.2 ശതമാനത്തില്‍നിന്നു 2023-ല്‍ 20.9 ശതമാനമായി ഉയര്‍ന്നതായി പഠനം.
സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന രീതിയിലെ വനിതകളുടെ ശക്തീകരണം, ഓഹരി വിപണിയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള അവരുടെ കൂടിയ താത്പര്യം എന്നിവ വ്യക്തമാക്കുന്നതാണ്, അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയുടെ (എഎംഎഫ്ഐ) സഹായത്തോടെ ക്രിസില്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ട്.
മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം 50 ലക്ഷം കോടി രൂപ കടന്നപ്പോള്‍ വനിതകളുടെ സാന്നിധ്യവും ഗണ്യമായി വര്‍ധിക്കുന്നുണ്ട്. ബി-30 വിഭാഗത്തില്‍പ്പെട്ട പട്ടണങ്ങളില്‍ വനിതാ നിക്ഷേപകരുടെ പങ്കാളിത്തം 15 ശതമാനത്തില്‍നിന്ന് 18 ശതമാനമായും അവരുടെ ആസ്തികള്‍ 17 ശതമാനത്തില്‍ നിന്ന് 28 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്.
വനിതാ നിക്ഷേപകരില്‍ പകുതിയോളവും 25-44 വയസുകാരാണ്. വനിതാ നിക്ഷേപകര്‍ 40 ശതമാനമുള്ള ഗോവയാണ് ഇക്കാര്യത്തില്‍ മുന്നില്‍. 30 ശതമാനവുമായി വടക്കു-കിഴക്കന്‍ മേഖല രണ്ടാം സ്ഥാനത്തുമുണ്ട്.
മ്യൂച്വല്‍ ഫണ്ട് രംഗത്തെ വനിതാ ഡിസ്ട്രിബ്യൂട്ടര്‍മാരുടെ എണ്ണത്തിൽ വര്‍ധനയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.