
ന്യൂയോര്‍ക്ക്: പ്രതിസന്ധിയിലായ യുഎസ് ബാങ്ക്, സിലിക്കണ്‍ വാലിയില്‍ നിന്നും വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കപ്പെടുന്നു. വ്യാഴാഴ്ച മാത്രം 42 ബില്യണ്‍ ഡോളര്‍ പിന്‍വലിക്കാന്‍ ശ്രമമുണ്ടായെന്ന് റെഗുലേറ്ററി ഫയലിംഗില്‍ ബാങ്ക് പറയുന്നു. മാര്‍ച്ച് 9 ന് ബിസിനസ്സ് അവസാനിച്ചപ്പോള്‍, ബാങ്കിന് 958 മില്യണ്‍ ഡോളര്‍ നെഗറ്റീവ് ക്യാഷ് ബാലന്‍സാണുള്ളത്, ബാങ്ക് റെഗുലേറ്റര്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ദി ബാങ്ക് വെള്ളിയാഴ്ച സമര്‍പ്പിച്ച ഉത്തരവ് അറിയിച്ചു.
രാജ്യത്തെ വലിയ ബാങ്കുകളില്‍ ഒന്നായ സിലിക്കണ്‍ വാലി അവശ്യത്തിന് പണമില്ലാതെ ഇതോടെ പ്രതിസന്ധിയിലായി. പണം നേടാനുള്ള വഴികള്‍ ബാങ്കിന് മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ടിരിയ്ക്കയാണ്. യുഎസ് ട്രഷറി, മോര്‍ട്ട്‌ഗേജ് പിന്തുണയുള്ള സെക്യൂരിറ്റികളുടെ വില്‍പ്പനയില്‍ 1.8 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായതായി സിലിക്കണ്‍ വാലി ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഗ്രെഗ് ബെക്കര്‍ ബുധനാഴ്ച അറിയിച്ചിരുന്നു.
ബാങ്ക് അതിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി 2.25 ബില്യണ്‍ ഡോളര്‍ മൂലധനം സമാഹരണ യജ്ഞം സംഘടിപ്പിക്കുമെന്നും ബെക്കര്‍ പറഞ്ഞു. തുടര്‍ന്നാണ് നിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിച്ചത്.
നിരവധി വെഞ്ച്വര്‍-ക്യാപിറ്റല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ പണം തിരികെ ആവശ്യപ്പെട്ടു. പീറ്റര്‍ തീലിന്റെ ഫൗണ്ടേഴ്സ് ഫണ്ട്, കോട്ട് മാനേജ്മെന്റ്, യൂണിയന്‍ സ്‌ക്വയര്‍ വെഞ്ചേഴ്സ്, ഫൗണ്ടര്‍ കളക്റ്റീവ് എന്നീ വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനങ്ങളെല്ലാം തങ്ങള്‍ക്ക് നിക്ഷേപമുള്ള സ്റ്റാര്‍ട്ടപ്പുകളെ പണം പിന്‍വലിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.അതേസമയം ബാങ്കിന്റെ തകര്‍ച്ച മൊത്തം വ്യവസ്ഥയെ ബാധിക്കില്ലെന്ന് നിക്ഷേപകര്‍ പറയുന്നു.
ഇനിയൊരു അടച്ചുപൂട്ടല്‍ ഉടനടി സംഭവിക്കില്ല.അതേസമയം നിക്ഷേപം പിടിച്ചുനിര്‍ത്താന്‍ ബാങ്കുകള്‍ മത്സരാധിഷ്ഠിതമായി പലിശനിരക്ക് ഉയര്‍ത്തേണ്ടി വരും. ഇത് വരുമാനത്തെ സാരമായി ബാധിക്കും.
ചെറുകിട, ഇടത്തരം ബാങ്കുകളാണ് കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുക. 2008 ലെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും പാഠമുള്‍ക്കൊണ്ടതിനാല്‍ വന്‍കിട ബാങ്കുകള്‍ പ്രതിരോധ ശക്തി നേടിയിട്ടുണ്ട്, വിദഗ്ധര്‍ പറയുന്നു.