തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സിൽവർലൈൻ പദ്ധതി വീണ്ടും വിവാദങ്ങളിൽ നിറയുമ്പോൾ വിശദ പദ്ധതിരേഖയിലെ കേന്ദ്രതീരുമാനം നിർണായകം. 2020 ജൂണിൽ നൽകിയ ഡി.പി.ആറിൽ റെയിൽവേ ബോർഡ് ഇതുവരെ കാര്യമായ തിരുത്തൽ നിർദേശിച്ചിട്ടില്ല.
തങ്ങളുടെ ഭാഗത്തുനിന്നുള്ള നടപടി പൂർത്തീകരിച്ചിരിക്കെ ഇനി റെയിൽവേ ബോർഡും കേന്ദ്രവുമാണ് തീരുമാനമെടുക്കേണ്ടതെന്ന നിലപാടിലാണ് സംസ്ഥാനസർക്കാർ. ഇതിന്റെ ഭാഗമായിട്ടാണ് പദ്ധതിക്ക് അനുമതിതേടി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞമാസം കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിനെ കണ്ടത്.
ഇനി തീരുമാനം വൈകിയാൽ പഴി കേന്ദ്രത്തിനാകും. എക്സ്പ്രസ് ഹൈവേകൾ, അതിവേഗ തീവണ്ടിപ്പാതകൾ തുടങ്ങി രാജ്യത്തെ പൊതുഗതാഗതരംഗത്തെ മാറ്റങ്ങൾക്ക് ചുക്കാൻപിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന കേന്ദ്രസർക്കാരിന് കേരളത്തിന്റെ പദ്ധതിമാത്രം വൈകിപ്പിക്കുന്നുവെന്ന പഴികേൾക്കേണ്ടിവരും.
ഇതൊഴിവാക്കാനാണ് സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്നം പരിഹരിച്ചാൽ സിൽവർലൈൻ പദ്ധതിക്ക് അനുമതിനൽകുമെന്ന പ്രതികരണത്തിന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് നിർബന്ധിതനായത്.
എന്നാൽ, പദ്ധതിയിൽ വരുത്തേണ്ട തിരുത്തലുകളെക്കുറിച്ച് കേന്ദ്രം ഇതുവരെ രേഖാമൂലം മറുപടിനൽകിയിട്ടില്ല. പദ്ധതിരേഖ റെയിൽവേ മന്ത്രാലയം സൂക്ഷ്മപരിശോധനനടത്തി പോരായ്മയുണ്ടെങ്കിൽ പരിഹരിക്കാൻ ആവശ്യപ്പെടുകയാണ് പതിവ്.
എന്നാൽ, സിൽവർലൈനിന്റെ കാര്യത്തിൽ റെയിൽവേ ഭൂമി വിട്ടുകൊടുക്കുന്നതിനെക്കുറിച്ചാണ് പ്രധാനമായും കത്തിടപാട് നടന്നത്. റെയിൽവേ ബോർഡ്, നിതി ആയോഗ്, സാമ്പത്തികകാര്യ മന്ത്രിതല സമിതി എന്നിവ പരിഗണിച്ചശേഷമേ ഫയൽ കേന്ദ്രമന്ത്രിസഭയ്ക്ക് മുന്നിലെത്തൂ.
അതേസമയം സിൽവർലൈനിന്റെപേരിൽ പ്രതിഷേധം വീണ്ടും ശക്തമാകുകയാണ്. കെ-റെയിൽ വിരുദ്ധസമതി സമരത്തിന് തുടക്കമിട്ടിട്ടുണ്ട്. പദ്ധതിയിൽ കേന്ദ്രസർക്കാരിന്റെയും റെയിൽവേയുടെയും പെട്ടെന്നുള്ള മനംമാറ്റത്തിനുപിന്നിൽ സി.പി.എം.-ബി.ജെ.പി. അന്തർധാരയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും ആരോപിച്ചു.
പദ്ധതിയുമായി മുന്നോട്ടുപോയാൽ ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്ന് യു.ഡി.എഫ്. കൺവീനർ എം.എം. ഹസനും മുന്നറിയിപ്പുനൽകി.