
തിരുവനന്തപുരം: വന്ദേഭാരതും ചരക്കുതീവണ്ടികളും ഓടിക്കാൻ പാകത്തില്‍ സില്‍വർലൈൻ പാത മാറ്റണമെന്ന നിർദേശം തള്ളി കെ-റെയില്‍. പദ്ധതിക്ക് റെയില്‍വേ ഭൂമി വിട്ടുകൊടുക്കാൻ സന്നദ്ധമല്ലെങ്കില്‍ പാതയുടെ അലൈൻമെന്റില്‍ മാറ്റംവരുത്താൻ തയ്യാറാണെന്നും കെ-റെയില്‍ റെയില്‍വേ ബോർഡിന് നല്‍കിയ കത്തില്‍ വ്യക്തമാക്കി.
സില്‍വർലൈൻ ഡി.പി.ആറില്‍ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ട് റെയില്‍വേ മുന്നോട്ടുവെച്ച നിർദേശങ്ങള്‍ക്കാണ് കെ-റെയില്‍ മറുപടി നല്‍കിയത്. സംസ്ഥാനസർക്കാർ വിഭാവനംചെയ്തരീതിയില്‍ പ്രത്യേക അതിവേഗപാതയായി സില്‍വർലൈൻ നിലനിർത്തണം.
അതിനാവശ്യമായ രീതിയില്‍ പദ്ധതിരേഖയില്‍ മാറ്റംവരുത്താൻ തയ്യാറാണെന്നും കെ-റെയില്‍ നല്‍കിയ കത്തില്‍ പറയുന്നു. പാരിസ്ഥിതികപ്രശ്നങ്ങളുണ്ടെങ്കില്‍ അവ പരിഹരിക്കാൻ സംസ്ഥാനം തയ്യാറാണ്. പദ്ധതിയുടെ അടിസ്ഥാനലക്ഷ്യത്തില്‍നിന്നുള്ള മാറ്റം സാധ്യമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
റെയില്‍വേയുടെ മോഹം സർക്കാർചെലവില്‍ മൂന്നും നാലും പാത
കെ-റെയില്‍ അലൈൻമെന്റ് റെയില്‍വേക്കുകൂടി ഉപയോഗിക്കാൻ പാകത്തില്‍ മാറ്റണമെന്ന റെയില്‍വേ ബോർഡിന്റെ നിർദേശത്തിനുപിന്നില്‍ സംസ്ഥാനസർക്കാരിന്റെ ചെലവില്‍ മൂന്നും നാലും പാതകള്‍ നിർമിക്കാനുള്ള നീക്കമാണെന്ന നിഗമനത്തില്‍ സംസ്ഥാനസർക്കാർ.
ബ്രോഡ്ഗേജില്‍ നിലവിലെ പരാവധിവേഗം മണിക്കൂറില്‍ 160 കിലോമീറ്ററാണ്. സില്‍വർലൈൻ സ്റ്റാൻഡേഡ് ഗേജിന്റെ വേഗം മണിക്കൂറില്‍ 200 കിലോമീറ്ററാണ്. ഭാവിയില്‍ 350 കിലോമീറ്റർവരെ വേഗമാർജിക്കാൻ കഴിയും. ബ്രോഡ്ഗേജിലേക്ക് മാറുമ്ബോള്‍ കൂടുതല്‍ സ്ഥലമേറ്റെടുപ്പ് വേണ്ടിവരും
റെയില്‍വേ നിർദേശങ്ങള്‍ക്കെതിരേ ഇ. ശ്രീധരൻ
കെ-റെയില്‍ പാതയില്‍ വന്ദേഭാരതും ചരക്കുതീവണ്ടികളും ഓടിക്കണമെന്ന റെയില്‍വേ നിർദേശം ദീർഘവീക്ഷണമില്ലാത്തതാണെന്ന് ഡല്‍ഹി മെട്രോ മുൻ എം.ഡി. ഇ. ശ്രീധരൻ. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് അയച്ച കത്തിലാണ് കെ-റെയില്‍ പ്രത്യേക അതിവേഗപാതയായി നിലനിർത്തണമെന്നാവശ്യം അദ്ദേഹം ഉന്നയിച്ചത്.
അതിവേഗപാതകളില്‍ പാസഞ്ചർ വണ്ടികളും ചരക്കുവണ്ടികളും ഓടിക്കുന്നത് അപകടകരമാണെന്നും കത്തില്‍ പറയുന്നു. പാതയ്ക്ക് റെയില്‍വേ സേഫ്റ്റി കമ്മിഷണറുടെ അംഗീകാരവും ലഭിക്കില്ല. അതിവേഗപാതയെന്ന ലക്ഷ്യം കൈവരിക്കാനും കഴിയില്ല.
റെയില്‍വേ ബോർഡിന്റെ നിർദേശപ്രകാരം പുതിയ പദ്ധതിരേഖ തയ്യാറാക്കുന്നത് അപ്രായോഗികമാണെന്നുകാണിച്ച് അദ്ദേഹം മുഖ്യമന്ത്രിക്കും കത്തുനല്‍കി. തൂണുകളിലെ ഉയരപ്പാതയോ ഭൂഗർഭതുരങ്കങ്ങളോ ആണ് സംസ്ഥാനത്തിന് യോജ്യമെന്നും കത്തില്‍ പറയുന്നു.
സ്റ്റാൻഡേഡ് ഗേജിന് പരമാവധി 200 കിലോമീറ്റർ വേഗമാർജിക്കാൻ കഴിയും. മണിക്കൂറില്‍ 135 കിലോമീറ്റർ ശരാശരിവേഗം നിലനിർത്താനാകും. തിരുവനന്തപുരം-കണ്ണൂർ മൂന്നുമണിക്കൂർ 15 മിനിറ്റില്‍ എത്താനാകും. ഭാവിയില്‍ പാത മംഗലാപുരത്തേക്ക് നീട്ടാം.
1,00,000 കോടി രൂപയ്ക്ക് പദ്ധതി പൂർത്തീകരിക്കാനാകുമെന്നും ശ്രീധരൻ പറയുന്നു. കൊങ്കണ്‍ മാതൃകയില്‍ ആറുവർഷംകൊണ്ട് നിർമാണം പൂർത്തിയാക്കാം.