മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) പ്രകാരമുള്ള പ്രതിമാസ നിക്ഷേപം ഒക്‌ടോബറില്‍ ആദ്യമായി 13,000 കോടി രൂപ മറികടന്നു. തുടര്‍ച്ചയായി നാലാമത്തെ മാസമാണ് എസ്‌ഐപി വഴിയുള്ള ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപത്തില്‍ വര്‍ധന രേഖപ്പെടുത്തിയത്.
13,041 കോടി രൂപയാണ് ഒക്‌ടോബറില്‍ എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടത്. മെയ് മുതല്‍ സെപ്‌റ്റംബര്‍ വരെ 12,000 കോടിക്ക് മുകളിലായിരുന്നു പ്രതിമാസ നിക്ഷേപം.
നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ 87,275 കോടി രൂപയാണ് എസ്‌ഐപി വഴി നിക്ഷേപിക്കപ്പെട്ടത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം എസ്‌ഐപി നിക്ഷേപം 1,24,566 കോടി രൂപയായിരുന്നു. അതേ സമയം ആക്‌ടീവ് ഇക്വിറ്റി ഫണ്ടുകളിലെ അറ്റനിക്ഷേപം 33 ശതമാനം കുറഞ്ഞു. 9400 കോടി രൂപയാണ് ഒക്‌ടോബറില്‍ ആക്‌ടീവ് ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടത്.
ഓഹരി വിപണി ചാഞ്ചാട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ നിക്ഷേപം നടത്താനുള്ള ഏറ്റവും ഉചിതമായ മാര്‍ഗമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി). നിലവിലുള്ള വിപണിയിലെ ചാഞ്ചാട്ടം എസ്‌ഐപി വഴി നിക്ഷേപിക്കുന്നവര്‍ക്ക് താഴ്‌ന്ന വിലയ്‌ക്ക് യൂണിറ്റുകള്‍ വാങ്ങുന്നതിനുള്ള അവസരമാണൊരുക്കുന്നത്.
മ്യൂച്വല്‍ ഫണ്ടുകളില്‍ എസ്‌ഐപി വഴി നിക്ഷേപിക്കുന്നവരുടെ എണ്ണത്തില്‍ ഈയിടെയായി ഗണ്യമായ വര്‍ധനയാണുണ്ടായത്. മുന്‍കാലങ്ങളില്‍ തിരുത്തല്‍ ഉണ്ടാകുന്ന ഘട്ടത്തില്‍ എസ്‌ഐപി വഴിയുള്ള നിക്ഷേപം നിര്‍ത്തലാക്കുന്ന പ്രവണത പല നിക്ഷേപകരും പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ തിരുത്തല്‍ അവസരമാണെന്ന് അത്തരം നിക്ഷേപകര്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ചെലവ് കുറച്ച് നിക്ഷേപം നടത്താനുള്ള ഏറ്റവും മികച്ച ഉപാധിയാണ് എസ്‌ഐപി.
വിപണി ഉയരുമ്പോള്‍ വാങ്ങുന്ന യൂണിറ്റുകളുടെ എണ്ണം കുറയുകയാണ് ചെയ്യുന്നതെങ്കില്‍ വിപണി ഇടിഞ്ഞാല്‍ അത് കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാനുള്ള അവസരമാക്കി മാറ്റുകയാണ് എസ്‌ഐപി ചെയ്യുന്നത്.