ന്യൂഡല്‍ഹി: രാജ്യത്തെ അതിസമ്ബന്നരുടെ 2024-ലെ ഫോബ്സ് പട്ടികയില്‍ ഇടം നേടി മലയാളികള്‍. നൂറ് പേരുടെ പട്ടികയാണ് ഫോബ്സ് പ്രസിദ്ധീകരിച്ചത്.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് മലയാളിയായ വ്യക്തിഗത സമ്ബന്നരില്‍ മുന്നില്‍. 7.4 ബില്യണ്‍ ഡോളർ ആസ്തിയോടെ (62,160 കോടി രൂപ) രാജ്യത്തെ 39-ാം സ്ഥാനം യൂസഫലി സ്വന്തമാക്കി.
കഴിഞ്ഞ വർഷം 7.1 ബില്യണ്‍ ഡോളറായിരുന്നു എം.എ യൂസഫലിയുടെ ആസ്തി. കേരളത്തില്‍ നിന്നുള്ള ഏറ്റവും ധനികനായ വ്യക്തിഗത സമ്പന്നനായി തുടർച്ചയായി ഫോബ്സ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ.
ജോർജ് ജേക്കബ്, ജോർജ് തോമസ്, സാറാ ജോർജ്, ജോർജ് അലക്സാണ്ടർ എന്നിവരുടെ ആസ്തികള്‍ ചേർത്ത് 7.8 ബില്യണ്‍ ഡോളറോടെ (65,520 കോടി രൂപ ) ധനികരായ മലയാളി കുടുംബമായി മുത്തൂറ്റ് പട്ടികയില്‍ ഇടംപിടിച്ചു. നാല് പേരുടെയും ആകെ ആസ്തികള്‍ ചേർത്ത് 37-ാം സ്ഥാനത്താണ് മുത്തൂറ്റ് ഫാമിലി.
കല്യാണ്‍ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ് കല്യാണരാമൻ അറുപതാം സ്ഥാനത്തുണ്ട്. 5.38 ബില്യണ്‍ ഡോളറാണ് (45,192 കോടി രൂപ) ടി.എസ് കല്യാണരാമന്റെ ആസ്തി.
4.35 ബില്യണ്‍ ഡോളർ ആസ്തിയോടെ (36,540 കോടി രൂപ) ഇൻഫോസിസ് സഹസ്ഥാപകൻ സേനാപതി ഗോപാലകൃഷ്ണൻ 73ആം സ്ഥാനത്തുണ്ട്. 3.5 ബില്യണ്‍ ഡോളർ ആസ്തിയോടെ (29,400 കോടി രൂപ) ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി 95-ാം സ്ഥാനത്തും, 3.4 ബില്യണ്‍ ആസ്തിയോടെ (28,560 കോടി രൂപ) ആർ.പി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള 97-ാം സ്ഥാനത്തും 3.37 ബില്യണ്‍ ആസ്തിയോടെ (28,308 കോടി രൂപ) ജോയ് ആലുക്കാസ് 98-ാം സ്ഥാനത്തും ഇടം നേടി.
മുകേഷ് അംബാനിയാണ് രാജ്യത്തെ ഏറ്റവും ധനികൻ. 119.5 ബില്യണ്‍ ഡോളർ ആസ്തിയാണ് മുകേഷ് അംബാനിക്കുള്ളത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 27.5 ബില്യണ്‍ ഡോളറിന്റെ വളർച്ചയാണ് മുകേഷ് അംബാനിക്ക് ലഭിച്ചത്. 48 ബില്യണ്‍ ഡോളർ നേട്ടത്തോടെ 116 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ഗൗതം അദാനിയാണ് രണ്ടാമത്.
43.7 ബില്യണ്‍ ഡോളർ ആസ്തിയോടെ ഒ.പി ജിൻഡാല്‍ ഗ്രൂപ്പ് ചെയർപേഴ്സണ്‍ സാവിത്രി ജിൻഡാലാണ് മൂന്നാം സ്ഥാനത്ത്. എച്ച്‌സിഎല്‍ ടെക്നോളജീസ് സ്ഥാപകൻ ശിവ് നാടാർ (40.2 ബില്യണ്‍ ഡോളർ), ദിലീപ് ഷാംഗ്വി (32.4 ബില്യണ്‍ ഡോളർ), അവന്യൂ സൂപ്പർമാർക്കറ്റ്സ് മേധാവി രാധാകൃഷ്ണൻ ധമാനി (31.5 ബില്യണ്‍ ഡോളർ), ഭാരതി എൻട്രപ്രൈസ് ചെയർമാൻ സുനില്‍ മിത്തല്‍(30.7 ബില്യണ്‍ ഡോളർ), ആദിത്യ ബിർള ഗ്രൂപ്പ് മേധാവി കുമാർ ബിർള (24.8 ബില്യണ്‍ ഡോളർ), സെറം ഇൻസ്റ്റിറ്റ്യൂട്ട് എംഡി സൈറസ് പൂനാവാല (24.5 ബില്യണ്‍ ഡോളർ) , ബജാജ് ഫാമിലി (23.4 ബില്യണ്‍ ഡോളർ) എന്നിവരാണ് ആദ്യ പത്തിലുള്ളത്.
പട്ടികയിലെ നൂറ് സമ്പന്നരുടെയും ആസ്തികള്‍ കൂട്ടി ആദ്യമായി ട്രില്യണ്‍ ഡോളർ കടന്നുവെന്ന പ്രത്യേകതയും ഇത്തണയുണ്ട്. 2023-ല്‍ 799 ബില്യണ്‍ ഡോളറായിരുന്നു. ഓഹരി വിപണിയിലെ ശക്തമായ പ്രകടനമാണ് ഈ കുതിച്ചുചാട്ടത്തിന് കാരണം.
കഴിഞ്ഞ സാമ്പത്തിക വർഷം തന്നെ ബിഎസ്‌ഇ സെൻസെക്സ് 30 ശതമാനമാണ് നേട്ടമുണ്ടാക്കിയത്.