കണ്ണൂര്‍: തിരക്ക് കുറയ്ക്കാന്‍ തുടങ്ങിയ ആറ് പ്രത്യേക തീവണ്ടികള്‍ ഓട്ടം നിര്‍ത്തുന്നു. നാല് സര്‍വീസുകളാണ് റെയില്‍വേ റദ്ദാക്കിയത്.
കേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര വണ്ടികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. നടത്തിപ്പ്-സുരക്ഷാ പ്രശ്നങ്ങളാണ് കാരണമെന്ന് ഉത്തരവില്‍ പറയുന്നു.
വിദ്യാലയങ്ങള്‍ തുറക്കുന്ന സമയത്ത് യാത്രയുടെ ബുദ്ധിമുട്ട് കൂടുമെന്നിരിക്കെയാണ് റെയില്‍വേയുടെ ഈ നടപടി. ശനിയാഴ്ചകളില്‍ ഓടുന്ന മംഗളൂരു-കോയമ്പത്തൂര്‍-മംഗളൂരു പ്രതിവാര വണ്ടി (06041/06042) ജൂണ്‍ എട്ടുമുതല്‍ 29 വരെയുള്ള സര്‍വീസാണ് നിര്‍ത്തിയത്. മേയ് 25, ജൂണ്‍ ഒന്ന് സര്‍വീസുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.
മംഗളൂരു-കോട്ടയം-മംഗളുരു റൂട്ടിലെ പ്രത്യേക തീവണ്ടി (06075/06076) റെയില്‍വേ നേരത്തേ റദ്ദാക്കിയിരുന്നു. ഒരു സര്‍വീസ് നടത്തിയ വണ്ടിയാണ് പൊടുന്നനെ നിര്‍ത്തിയത്. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ ഒന്നുവരെയായിരുന്നു (ശനിയാഴ്ചകളില്‍) വണ്ടി പ്രഖ്യാപിച്ചത്.
ഏപ്രില്‍ 20-ന് ഓടിക്കുകയും ചെയ്തു. ജോലിഭാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ ഒന്നുമുതല്‍ ദക്ഷിണ റെയില്‍വേയിലെ ലോക്കോപൈലറ്റുമാര്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.
റദ്ദാക്കിയ തീവണ്ടികള്‍
- മംഗളൂരു-കോയമ്പത്തൂര്‍ പ്രതിവാര വണ്ടി (ശനി)-06041- (ജൂണ്‍ എട്ടുമുതല്‍29 വരെ).
- കോയമ്പത്തൂര്‍-മംഗളൂരു പ്രതിവാര വണ്ടി (ശനി)-06042- (ജൂണ്‍ എട്ട്- 29).
*കൊച്ചുവേളി-നിസാമുദ്ദീന്‍ പ്രതിവാര വണ്ടി (വെള്ളി)-06071- (ജൂണ്‍ ഏഴ്-28). - നിസാമുദ്ദീന്‍-കൊച്ചുവേളി പ്രതിവാരവണ്ടി (തിങ്കള്‍)-06072- (ജൂണ്‍ 10-ജൂലായ് ഒന്ന്).
- ചെന്നൈ-വേളാങ്കണ്ണി (വെള്ളി, ഞായര്‍)-06037 (ജൂണ്‍ 21-30).
- വേളാങ്കണ്ണി-ചെന്നൈ (ശനി, തിങ്കള്‍) 06038 (ജൂണ്‍ 22-ജൂലായ് ഒന്ന്).