
മുംബൈ: കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള എസ്‌ജെവിഎൻ ഗ്രീൻ എനർജി ലിമിറ്റഡും (എസ്‌ജിഇഎൽ) അസം പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡും (APDCL) തമ്മിൽ ഒരു ധാരണാപത്രം (എംഒയു) ഒപ്പുവച്ചതായി ജലവൈദ്യുത ഉൽപാദനത്തിലും പ്രസരണത്തിലും ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമായ സത്‌ലജ് ജൽ വിദ്യുത് നിഗം (എസ്‌ജെവിഎൻ) അറിയിച്ചു.
കരാർ പ്രകാരം, രണ്ട് കമ്പനികളും സംയുക്ത സംരംഭക കമ്പനിയുടെ സംയോജനത്തിലൂടെ അസമിൽ 1000 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പവർ പ്രോജക്ടുകൾ വികസിപ്പിക്കും. കമ്മീഷൻ ചെയ്തതിന് ശേഷമുള്ള ആദ്യ വർഷം പദ്ധതി 2192 ദശലക്ഷം യൂണിറ്റ് ഉൽപ്പാദിപ്പിക്കും.
അസമിൽ പദ്ധതി സ്ഥാപിക്കാൻ കോർപ്പറേഷൻ 6000 കോടി രൂപയുടെ നിക്ഷേപം നടത്തും. ഈ പദ്ധതി 25 വർഷത്തിനുള്ളിൽ 50,425 ദശലക്ഷം യൂണിറ്റ് ഊർജം ഉൽപ്പാദിപ്പിക്കുമെന്ന് എസ്‌ജെവിഎൻ ലിമിറ്റഡ് എക്‌സ്‌ചേഞ്ച് ഫയലിംഗിൽ പറഞ്ഞു.
2030 ഓടെ 25000 മെഗാവാട്ട് പുനരുപയോഗ ശേഷി കൈവരിക്കാൻ എസ്‌ജെവിഎൻ ലക്ഷ്യമിടുന്നു. കൂടാതെ ഈ വർഷം ജൂണിൽ, സംസ്ഥാനത്തെ പുനരുപയോഗ ഊർജ പദ്ധതികളുടെ വികസനത്തിനായി എസ്ജെവിഎനുമായി സംയുക്ത സംരംഭം സ്ഥാപിക്കാൻ തയ്യാറാണെന്ന് അസം സർക്കാർ വ്യക്തമാക്കിയിരുന്നു.