
മുംബൈ: ആശിഷ് കച്ചോലിയ പോര്‍ട്ട്‌ഫോളിയോ ഓഹരി മാസ്‌ടെക്കില്‍ നിക്ഷേപം നടത്തിയിരിക്കയാണ് സ്‌മോള്‍ക്യാപ്പ് വേള്‍ഡ് ഫണ്ട്. കമ്പനിയിലെ 5,49,676 ഓഹരികള്‍ 1,759.97 രൂപ നിരക്കില്‍ അവര്‍ ഏറ്റെടുക്കുകയായിരുന്നു. മൊത്തം നിക്ഷേപം 96 കോടി രൂപ.
അതേസമയം ഹോര്‍ണ്‍ബില്‍ ഓര്‍ക്കിഡ് 4,29,086 ഓഹരികള്‍ 1,760.01 രൂപ നിരക്കില്‍ വില്‍പ്പന നടത്തിയിട്ടുണ്ട്. എന്നാല്‍ ഓഹരി ചൊവ്വാഴ്ച 1 ശതമാനത്തോളം താഴ്ച വരിച്ച് 1715 രൂപയില്‍ ക്ലോസ് ചെയ്തു. 84 കോടി രൂപ അറ്റാദായം രേഖപ്പെടുത്താന്‍ ജൂണ്‍ പാദത്തില്‍ കമ്പനിയ്ക്കായിരുന്നു.
തൊട്ടുമുന്‍പാദത്തേക്കാള്‍ 4 ശതമാനം കുറവാണിത്. വരുമാനം 2 ശതമാനം കുറഞ്ഞ് 570 കോടി രൂപയുമായി. എന്നാല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ അറ്റാദായം 5.2 ശതമാനമായും വരുമാനം 10.4 ശതമാനമായും വര്‍ധിച്ചു.
5875.76 കോടി വിപണി മൂല്യമുള്ള മാസ്‌ടെക്ക് ഒരു ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സ്‌പെഷ്യലിസ്റ്റാണ്. സ്ഥാപനങ്ങളുടെ സാങ്കേതിക പരിഹാരങ്ങള്‍ കമ്പനി നിര്‍വഹിക്കുന്നു.
യു.കെ, യൂറോപ്പ് , വടക്കേ അമേരിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലും സാന്നിധ്യമുണ്ട്. ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, ആപ്ലിക്കേഷന്‍ മെയിന്റനന്‍സ്, ബിസിനസ് ഇന്റലിജന്‍സ്, ഡാറ്റ വെയര്‍ഹൗസിംഗ്, ടെസ്റ്റിംഗും അഷ്വറന്‍സും ലെഗസി നവീകരണം എന്നിവ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുന്നു.
പ്രമുഖ നിക്ഷേപകന്‍ ആശിഷ് കച്ചോലിയ കമ്പനിയുടെ 5.5 ലക്ഷം ഓഹരികളാണ് കൈവശം വയ്ക്കുന്നത്. 1.83 ശതമാനം ഓഹരി പങ്കാളിത്തമാണ് ഇത്.