
നഷ്ടമേറിയതോടെ നിക്ഷേപകർ പിൻമാറുന്നുകൊച്ചി: ഓഹരി വിപണിയില്‍ നഷ്‌ടം തുടർക്കഥയായതോടെ ചെറുകിട നിക്ഷേപകർക്ക് ആവേശമൊഴിയുന്നു.
ഫെബ്രുവരിയില്‍ സിസ്റ്റമാറ്റിക് ഇൻവെസ്‌റ്റ്മെന്റ് പദ്ധതികളില്‍(എസ്.ഐ.പി) മുടക്കം വരുത്തിയവരുടെ എണ്ണത്തില്‍ വൻ വർദ്ധനയുണ്ടായതാണ് മ്യൂച്വല്‍ ഫണ്ട് മാനേജർമാരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്. എസ്.ഐ.പി നിറുത്തിയവരുടെ എണ്ണം കഴിഞ്ഞ മാസം 54.70 ലക്ഷമായാണ് ഉയർന്നത്. ഇതോടെ സജീവമായ എസ്.ഐ.പികളുടെ എണ്ണം 44.56 ലക്ഷമായി ഇടിഞ്ഞു.
നവംബർ മുതല്‍ ഇന്ത്യൻ ഓഹരി സൂചികകള്‍ തുടർച്ചയായി വില്‍പ്പന സമ്മർദ്ദം നേരിട്ടതാണ് നിക്ഷേപ പിന്മാറ്റം ശക്തമാക്കുന്നത്. ഫെബ്രുവരിയില്‍ സെൻസെക്‌സ് 5.55 ശതമാനവും നിഫ്‌റ്റി 5.89 ശതമാനവും ഇടിവാണ് നേരിട്ടത്.
അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധ പ്രഖ്യാപനത്തില്‍ ഓഹരി വിപണി മൂക്കുകുത്തിയതോടെ ചെറുകിട നിക്ഷേപകരുടെ ആത്മവിശ്വാസം കുറയുകയാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങളില്‍ നിക്ഷേപകർക്ക് വൻ ലാഭമാണ് വിപണിയില്‍ നിന്ന് ലഭിച്ചത്.
ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്ത് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യൻ ഓഹരി വിപണിയില്‍ നിന്ന് വൻതോതില്‍ പണം പിൻവലിക്കുകയാണ്. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ തകർച്ചയും ഇന്ത്യൻ കമ്പനികളുടെ ലാഭത്തിലും വില്‍പ്പനയിലും പ്രതീക്ഷിച്ച വളർച്ച നേടാത്തതും വിദേശ പണത്തിന്റെ തിരിച്ചൊഴുക്കിന് വേഗം കൂട്ടി.
നിക്ഷേപത്തിലും കനത്ത ഇടിവ്
അസോസിയേഷൻ ഒഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇൻ ഇന്ത്യയുടെ(എ.എം.എഫ്.ഐ) കണക്കുകളനുസരിച്ച് ഫെബ്രുവരിയില്‍ ഓഹരി അധിഷ്‌ഠിത മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം 26 ശതമാനം ഇടിഞ്ഞ് 29,303.34 കോടി രൂപയായി.
ഓപ്പണ്‍ എൻഡഡ് മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് കുറഞ്ഞെങ്കിലും തുടർച്ചയായ 48ാം മാസവും നിക്ഷേപത്തില്‍ വർദ്ധനയുണ്ടായി.
സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്മെന്റ് പദ്ധതികളിലേക്കുള്ള(എസ്.ഐ.പി) നിക്ഷേപവും മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 25,999 കോടി രൂപയിലെത്തി.
മ്യൂച്വല്‍ ഫണ്ടുകള്‍ക്കും പ്രിയം കുറയുന്നു
ജനുവരിയില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം 3.6 ശതമാനം കുറഞ്ഞ് 39,687.78 കോടി രൂപയിലെത്തിയിരുന്നു. ചെറുകിട കമ്ബനികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് 34.9 ശതമാനം കുറഞ്ഞ് 3,722.46 കോടി രൂപയായി.
ഇടത്തരം ഓഹരികളില്‍ നിക്ഷേപിക്കുന്ന മിഡ് ക്യാപ് ഫണ്ടുകളിലെ നിക്ഷേപം 33.8 ശതമാനം കുറഞ്ഞ് 3,406.95 കോടി രൂപയിലെത്തി.
2020 ഫെബ്രുവരിയിലെ എസ്.ഐ.പി നിക്ഷേപം
8,510 കോടി രൂപ
2025 ഫെബ്രുവരിയിലെ എസ്.ഐ.പി നിക്ഷേപം
25,999 കോടി രൂപ