കാഞ്ഞിരപ്പള്ളി: റബ്ബർവില(Rubber Price) വർധനവും ചരക്ക്(commodity) ലഭ്യതക്കുറവും ചെറുകിട റബ്ബർ ഉത്പാദക യൂണിറ്റുകളുടെ(Small rubber units) പ്രവർത്തനത്തെ ബാധിക്കുന്നു.
ലാറ്റക്സ് ഉപയോഗിച്ച് പ്രവർത്തിപ്പിച്ചുകൊണ്ടിരുന്ന ഉത്പാദക യൂണിറ്റുകളാണ് പൂട്ടലിന്റെ വക്കിലെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 150 ചെറുകിട യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ഇതിൽ പകുതിയും പ്രശ്നത്തിലാണ്. 60 ശതമാനം ഡി.ആർ.സി.യുള്ള ലാറ്റക്സിന് 171 രൂപയാണ് ഇപ്പോൾ വില.
ദിവസേന 2000 രൂപ മുതൽ പ്രതിദിന വരുമാനം ഉണ്ടായിരുന്ന യൂണിറ്റുകളിൽ നിത്യവും രണ്ട് ബാരൽവരെ ലാറ്റക്സ് ഉപയോഗിച്ചുള്ള ഉത്പാദനമാണ് നടന്നിരുന്നത്. റബ്ബർ ബാൻഡ്, കൈ ഉറ, വിരൽ ഉറ തുടങ്ങിയവയാണ് ഇത്തരം ചെറുകിട യൂണിറ്റുകളിൽ ഉണ്ടാക്കുന്നത്.
പൂർണമായും യന്ത്രവത്കൃതമാകാത്തതിനാൽ ഒരു യൂണിറ്റിൽ അഞ്ച് മുതൽ പത്തുവരെ തൊഴിലാളികൾക്കും ജോലി ലഭിച്ചിരുന്നു.
റബ്ബറിന് വില കൂടിയതോടെ ചെലവ് വർധിച്ചതും ഇതിന് അനുസരിച്ച് ഉത്പന്നങ്ങൾക്ക് വില ലഭിക്കാതെ വന്നതുമാണ് പ്രശ്നമെന്ന് കൂവപ്പള്ളിയിൽ യൂണിറ്റ് നടത്തുന്ന സിബി ശൗര്യാംകുഴി പറഞ്ഞു.
ഇൗ മേഖലയിലെ നാല് യൂണിറ്റുകൾ അടച്ചു. ഇതര സംസ്ഥാന തൊഴിലാളികൾ ജോലിചെയ്യുന്ന യൂണിറ്റുകൾ ഭാഗികമായി പ്രവർത്തിക്കുന്നു.
മുൻകൂർ പണം നൽകി ചരക്ക് വാങ്ങിയത് വൻകിട കമ്പനികൾക്ക് നേട്ടമായി. ചെറുകിടക്കാർക്ക് അത് ലഭിക്കാത്ത സാഹചര്യവുമുണ്ട്.
തോട്ടങ്ങളിൽ, മഴമറയീടിൽ മുതലുള്ള പരിപാലനത്തിന് മുൻകൂർ പണം നൽകിയാണ് വൻകിട കമ്പനികൾ ലാറ്റക്സ് ഏറ്റെടുക്കുന്നത്. ഇതുമൂലം ചെറുകിട യൂണിറ്റുകൾക്ക് ലാറ്റക്സ് ലഭിക്കുന്നുമില്ല.
റബ്ബർ ബോർഡിന്റെ മിഷൻ നോർത്ത് ഈസ്റ്റിന്റെ ഭാഗമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ചെറുകിട യൂണിറ്റുകൾ വന്നതോടെ അവിടേക്കുള്ള ഉത്പന്നനീക്കത്തിനും മാന്ദ്യം വന്നതായി ഓൾ കേരള റബ്ബർ ബാന്റ് മാനുഫാക്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുമാർ പറഞ്ഞു.