
മുംബൈ: നിഫ്‌റ്റി സ്‌മോള്‍കാപ് 250 സൂചിക 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ നിന്നും 20 ശതമാനത്തിലേറെ ഇടിഞ്ഞു. ഒരു സൂചിക 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ നിന്നും 20 ശതമാനത്തിലേറെ തിരുത്തലിന് വിധേയമാകുമ്പോള്‍ ബെയര്‍ മാര്‍ക്കറ്റിലേക്ക് കടന്നതായാണ് കണക്കാക്കുന്നത്.
ഇന്നലെ നിഫ്‌റ്റി സ്‌മോള്‍കാപ് 250 സൂചിക മൂന്ന് ശതമാനത്തിലേറെയാണ് വ്യാപാരത്തിനിടെ ഇടിഞ്ഞത്. തിങ്കളാഴ്ച്ച 3.7 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യവും കമ്പനികളുടെ പ്രകടനത്തിലെ ദൗര്‍ബല്യവും കഴിഞ്ഞ ഏതാനും മാസങ്ങളായി ഓഹരി വിപണിയെ കനത്ത വില്‍പ്പന സമ്മര്‍ദത്തിലേക്കാണ് നയിച്ചത്.
സ്‌മോള്‍-മിഡ്‌കാപ് ഓഹരികള്‍ വില്‍പ്പനയുടെ ഒടുവിലത്തെ ഘട്ടത്തില്‍ കരടികളുടെ കനത്ത പ്രഹരത്തിന് വിധേയമായി. സ്‌മോള്‍കാപ് ഓഹരികളില്‍ മിക്കതും വളരെ ചെലവേറിയ നിലയിലാണെന്നത് വില്‍പ്പനയ്‌ക്ക് ആക്കം കൂട്ടി.
അനന്തരാജ് ലിമിറ്റഡ്, കെയിന്‍സ് ടെക്‌നോളജി ഇന്ത്യ എന്നീ സ്‌മോള്‍കാപ് ഓഹരികള്‍ 20 ശതമാനം വീതം ഇടിവാണ് നേരിട്ടത്.
അപാര്‍ ഇന്റസ്‌ട്രീസ്, പോളി മെഡിക്യൂര്‍, നെറ്റ് വെബ്, 360വണ്‍, ന്യൂജെന്‍ സോഫ്‌റ്റ് വെയര്‍ തുടങ്ങിയ ഓഹരികള്‍ 10 ശതമാനത്തിലേറെ നഷ്‌ടം രേഖപ്പെടുത്തി.