കൊച്ചി: പതിനേഴു വർഷം കഴിഞ്ഞിട്ടും ലക്ഷ്യം കാണാത്ത കൊച്ചി സ്മാർട്ട്‌സിറ്റി പദ്ധതി സർക്കാർ ഏറ്റെടുത്ത് ഇൻഫോപാർക്കിന്റെ കീഴിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കരാർ വ്യവസ്ഥകൾ പാലിക്കാത്ത സാഹചര്യത്തിൽ കൈമാറിയ സ്ഥലം ഏറ്റെടുക്കാൻ സർക്കാരിന് കഴിയുമെന്ന് ഐ.ടി., നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വൻ വാഗ്ദാനങ്ങൾ നൽകി 2007 നവംബർ 16ന് കല്ലിട്ട സ്മാർട്ട് സിറ്റിയിൽ ഐ.ടി പ്രവർത്തനം കാര്യമായി മുന്നേറിയിട്ടില്ല. ഇൻഫോപാർക്കിന്റെ തൊട്ടരികിലാണ് സ്മാർട്ട് സിറ്റിയുടെ 246 ഏക്കർ പദ്ധതി പ്രദേശം. ഐ.ടി ആവശ്യങ്ങൾക്ക് ഒരു കെട്ടിടം മാത്രമാണ് പൂർത്തിയായത്.
ഇൻഫോപാർക്കിൽ സ്ഥലം തികയാത്ത സാഹചര്യത്തിലാണ് സ്മാർട്ട് സിറ്റി ഏറ്റെടുക്കണമെന്ന നിർദ്ദേശം ഉയരുന്നത്. സ്മാർട്ട്‌സിറ്റിയെ ഏറ്റെടുക്കണമെന്ന് ഐ.ടി ജീവനക്കാരുടെ സംഘടനയായ പ്രോഗ്രസീവ് ടെക്കീസ് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ നിർദ്ദേശിച്ചു.
സ്മാർട്ട് സിറ്റിയുടെ 246 ഏക്കറിൽ ഭൂരിഭാഗവും ഉപയോഗശൂന്യമായി കിടക്കുമ്പോൾ ഇനി വികസനത്തിന് സ്ഥലമില്ലാത്ത സ്ഥിതിയിലാണ് ഇൻഫോപാർക്ക്. ഇതേറ്റെടുത്താൽ കാക്കനാട് മേഖലയിലെ ഐ.ടി കമ്പനികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനും ഉപയോഗിക്കാത്ത സ്ഥലം ഫലപ്രദമായി വിനിയോഗിക്കാനും കഴിയും.
ഐ.ടി കമ്പനികൾക്ക് പ്രിയപ്പെട്ട സ്ഥലമാണ് ഇൻഫോപാർക്ക്. പാർക്കിന്റെ ഒന്ന്, രണ്ട് ഘട്ടങ്ങളിലെ കെട്ടിടങ്ങൾ പൂർണമായി കമ്പനികൾ ഏറ്റെടുത്തു. സ്ഥലം ആവശ്യപ്പെട്ട് 150 ഓളം കമ്പനികൾ ഇൻഫോപാർക്കിനെ സമീപിച്ചിട്ടുണ്ട്.
മൂന്നാം ഘട്ടത്തിന് ലാൻഡ് പൂളിംഗ് വ്യവസ്ഥയിൽ സ്ഥലം കണ്ടെത്തണമെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്. പാർക്കിനോട് ചേർന്നുകിടക്കുന്ന തരിശുനിലങ്ങൾ ലാൻഡ് പൂളിംഗ് വഴി ഉപയോഗിക്കാൻ കഴിയും.