ന്യൂഡല്‍ഹി: ഡോളറിന്റെ മൂല്യം വര്‍ദ്ധിച്ചതോടെ ലോകത്ത് ഭക്ഷ്യപ്രതിസന്ധി രൂക്ഷമായി. ഇറക്കുമതി രാഷ്ട്രങ്ങള്‍ ബില്ലടക്കാനാകാതെ നെട്ടോട്ടമോടുകയാണെന്ന് ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിസ്മസിന് മുന്‍പ് ക്ഷാമമെന്ന് ഘാന മുന്നറിയിപ്പ് നല്‍കുമ്പോള്‍ പാകിസ്താനിലെ തുറമുഖങ്ങളില്‍ കണ്ടെയ്‌നറുകള്‍ കെട്ടികിടക്കുന്നു. ബ്രെഡ് വില വര്‍ധിപ്പിക്കാന്‍ ഈജിപ്ത് ഇതിനോടകം തയ്യാറായിട്ടുണ്ട്.
ഡോളര്‍ മൂല്യം ഉയര്‍ന്നതാണ് പ്രശ്‌നം വഷളാക്കിയത്. ഇതോടെ ചരക്കുകള്‍ക്ക് പണം നല്‍കാനുള്ള രാജ്യങ്ങളുടെ ശേഷി ഇല്ലാതാവുകയും ബാങ്ക് പെയ്മന്റുകള്‍ മന്ദഗതിയിലാവുകയും ചെയ്തു. വിദേശകറന്‍സി കരുതല്‍ ശേഖരം കുറയുന്നത് ഡോളറിലേക്കുള്ള പ്രവേശനം കുറയ്ക്കുന്നു.
ഉയര്‍ന്ന പലിശനിരക്കുകള്‍, കുതിച്ചുയരുന്ന ഡോളര്‍, ഉയര്‍ന്ന ചരക്ക് വിലകള്‍ എന്നിവയുടെ വിനാശകരമായ സംയോജനമാണ് നിലവിലുള്ളതെന്ന് ബ്ലുംബര്‍ഗ് ചൂണ്ടിക്കാട്ടി. ഫെഡ്‌റിസര്‍വ് നിരക്ക് വര്‍ധിപ്പിക്കുന്നതോടെ ഡോളര്‍ ഇനിയും ശക്തിപ്പെടുകയും ചരക്ക് വ്യാപാരം ചുരുങ്ങുകയും ചെയ്യും. 2007-08 ലെ ഭക്ഷ്യ അടിയന്തരാവസ്ഥയേക്കാള്‍ ഗുരുതരമാണ് കാര്യങ്ങളെന്ന് അന്താരാഷ്ട്ര നാണയ നിധി മുന്നറിയിപ്പ് നല്‍കുമ്പോള്‍ ദുര്‍ബലരായ രാജ്യങ്ങള്‍ക്ക് കൂടുതല്‍ ഭക്ഷ്യസഹായം വേണമെന്ന് ആവശ്യപ്പെടുകയാണ് യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍.
ഇത്രയും വില നല്‍കി രാഷ്ട്രങ്ങള്‍ക്ക് ചരക്ക് വാങ്ങാനാകില്ലെന്ന് കാര്‍ഗില്‍ ഇന്‍കോര്‍പ്പറേഷന്റെ വേള്‍ഡ് ട്രേഡിംഗ് ഹെഡ് അലക്‌സ് സാന്‍ഫെലിയും വിലയിരുത്തി. വേള്‍ഡ് ഫുഡ് പ്രോഗ്രാം പറയുന്നതനുസരിച്ച് ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ ഭക്ഷ്യ പ്രതിസന്ധിയാണിത്.