ന്യൂഡല്‍ഹി: പ്രമുഖ ജാപ്പാനീസ് കൂട്ടായ്മയായ സോഫ്റ്റ് ബാങ്ക് ഇന്ത്യയിലെ നിക്ഷേപത്തില്‍ 84 ശതമാനത്തിലധികം കുറവ് വരുത്തി. മാക്രോഎക്കണോമിക് പ്രതിസന്ധികള്‍ക്കിടയില്‍ കരുതലോടെയാണ് അവര്‍ നീങ്ങുന്നത്. രാജ്യത്തെ 100-ലധികം യൂണികോണുകളില്‍ അഞ്ചിലൊന്നിനെ പിന്തുണക്കുന്ന സോഫ്റ്റ്ബാങ്ക്, ഈ വര്‍ഷം ഏകദേശം 500 മില്യണ്‍ ഡോളറാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കിയത്.
അതേസമയം 2021 ലെ നിക്ഷേപം 3.2 ബില്യണ്‍ ഡോളറായിരുന്നു. നടപ്പ് വര്‍ഷം ആറോളം ഡീലുകളില്‍ സോഫ്റ്റ് ബാങ്ക് പങ്കെടുത്തു. കഴിഞ്ഞവര്‍ഷത്തെ ഡീലുകളുടെ എണ്ണം 17.
ഈ വര്‍ഷത്തെ ആദ്യ 11 മാസങ്ങളില്‍ അതിന്റെ ശരാശരി ചെക്ക് വലുപ്പം 83.3 മില്യണാണ്. 2021ല്‍ ഇത് മൊത്തം 185 മില്യണ്‍ ഡോളറായിരുന്നു. മാത്രമല്ല, കഴിഞ്ഞ ആറ് വര്‍ഷത്തെ ശരാശരി 1.875 ബില്യണ്‍ ഡോളറാണ്.
2017 മുതല്‍, തങ്ങളുടെ വിഷന്‍ ഫണ്ട് നിക്ഷേപ യൂണിറ്റുകളിലൂടെ സോഫ്റ്റ് ബാങ്ക് 11.2 ബില്യണ്‍ ഡോളറിലധികം ഇറക്കിയിട്ടുണ്ട്. 2017-ല്‍ തന്നെ, വെറും മൂന്ന് ഡീലുകളില്‍കമ്പനി 4.1 ബില്യണ്‍ ഡോളറിലധികം നിക്ഷേപിച്ചു.വിഷന്‍ ഫണ്ട് നിക്ഷേപ യൂണിറ്റുകള്‍ വഴി സോഫ്റ്റ്ബാങ്ക് ഇതിനോടകം 15 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചതായി വൃത്തങ്ങള്‍ അറിയിക്കുന്നു.
2021-ല്‍, കുറഞ്ഞത് 500 മില്യണ്‍ ഡോളറിന്റെ മൂന്ന് റൗണ്ടുകളിലെങ്കിലും സോഫ്റ്റ്ബാങ്ക് പങ്കെടുത്തപ്പോള്‍ 2022 ല്‍ ഇത്തരത്തില്‍ ഒന്നുപോലുമുണ്ടായില്ല. ഫ്‌ലിപ്കാര്‍ട്ടിന്റെ 3.6 ബില്യണ്‍ ഡോളര്‍ റൗണ്ട്, എറുഡിറ്റസിന്റെ 650 മില്യണ്‍ ഡോളര്‍ റൗണ്ട്, മീഷോയുടെ 645 മില്യണ്‍ ഡോളര്‍ റൗണ്ട് എന്നിവയാണ് കഴിഞ്ഞവര്‍ഷത്തെ 500 മില്യണ്‍ റൗണ്ടുകള്‍.ഇതിന് പുറമെ അണ്‍കാഡമിയുടെ 440 മില്യണ്‍ ഡോളര്‍ ഫണ്ടിംഗ് റൗണ്ട്, സ്വിഗ്ഗിയുടെ 451 മില്യണ്‍ ഡോളര്‍ റൗണ്ട് എന്നിവയിലും പങ്കുകൊണ്ടു.
അതേസമയം, 500 മില്യണ്‍ ഡോളറിന്റെ ഒരു റൗണ്ടിലും ഈവര്‍ഷം ജപ്പാനീസ് നിക്ഷേപ ഭീമന്റെ സാന്നിധ്യമുണ്ടായില്ല. ഫെബ്രുവരിയില്‍ നടന്ന പോളിഗോണിന്റെ 450 മില്യണ്‍ ഡോളര്‍ ധനസമാഹരണമായിരുന്നു അതിന്റെ ഏറ്റവും വലിയ റൗണ്ട്. പോളിഗോണിന് പുറമേ, മൂന്ന് റൗണ്ടുകളിലായി $100-$303 ദശലക്ഷം നിക്ഷേപം നടത്താനും സോഫ്റ്റ്ബാങ്ക് തയ്യാറായി.