കൊച്ചി: സൗരോർജവൈദ്യുതി ഉത്‌പാദനത്തിനുൾപ്പെടെ ജനറേഷൻ ഡ്യൂട്ടി ചുമത്തിയ കേരളത്തിന്റെ തീരുമാനം കേന്ദ്രനയത്തിന് വിരുദ്ധം. വൈദ്യുതി ഉത്‌പാദനത്തിന് ഡ്യൂട്ടി ചുമത്തരുതെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടും കേരളം ഡ്യൂട്ടിയിൽനിന്നു പിൻവാങ്ങിയില്ല.
2024-25 ബജറ്റിൽ യൂണിറ്റിന് 15 പൈസയായി ഡ്യൂട്ടി വർധിപ്പിച്ചു. ഏപ്രിൽ മുതൽ ഇത് പ്രാബല്യത്തിൽ വന്നു. പുരപ്പുറ സൗരോർജ ഉത്പാദകരുടെ ബിൽ തുക വർധിച്ചതിനു കാരണങ്ങളിലൊന്ന് ഇതാണ്.
സൗരോർജം, ജലവൈദ്യുതി, താപവൈദ്യുതി, കാറ്റാടി, ആണവവൈദ്യുതി തുടങ്ങിയവയുടെ ഉത്പാദനത്തിന് തീരുവയോ ഡ്യൂട്ടിയോ ഏർപ്പെടുത്തരുതെന്നാണ് കേന്ദ്രതീരുമാനം.
കേരളമുൾപ്പെടെ ചില സംസ്ഥാനങ്ങൾ ഇതിനുവിരുദ്ധമായി തീരുവയും ഡ്യൂട്ടിയും സെസും പിരിക്കുന്നുണ്ട്. ഇത് ഒഴിവാക്കാൻ കേന്ദ്ര ഊർജമന്ത്രാലയം കഴിഞ്ഞ വർഷം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചിരുന്നു. ഒക്ടോബറിൽ സർക്കുലറും പുറപ്പെടുവിച്ചു.
ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ രണ്ടാം പട്ടികയിലാണ് സംസ്ഥാനങ്ങൾക്ക് തീരുവയും ഡ്യൂട്ടിയും ചുമത്താനുള്ള അധികാരത്തെക്കുറിച്ച് പരാമർശിച്ചിട്ടുള്ളത്.
വൈദ്യുതിയുടെ കാര്യത്തിൽ വൈദ്യുതി ഉപയോഗത്തിനും വിൽപ്പനയ്ക്കും മാത്രമേ സംസ്ഥാനത്തിന് ഡ്യൂട്ടി ചുമത്താൻ അധികാരമുള്ളൂ. ഇതിൽ വൈദ്യുതി ഉത്പാദനത്തിനെക്കുറിച്ച് പരാമർശമില്ല.
ഒരു സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ചിലപ്പോൾ ഉപയോഗിക്കുക മറ്റൊരു സംസ്ഥാനത്തായിരിക്കും. ഭരണഘടന പ്രകാരം ഒരു സംസ്ഥാനത്തിന് മറ്റൊരു സംസ്ഥാനത്തു നിന്നു തീരുവയോ ഡ്യൂട്ടിയോ പിരിക്കാൻ അധികാരമില്ല.
ഭരണഘടനയിൽ വൈദ്യുതി കൺകറന്റ് പട്ടികയിലാണ്. കേന്ദ്രത്തിനും സംസ്ഥാനത്തിനും പ്രത്യേക നിയമനിർമാണം നടത്താം. ഇതിന്റെ ചുവടുപിടിച്ചാണ് കേരളം 1963 മുതൽ വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് യൂണിറ്റിന് 1.2 പൈസ ചുമത്തുന്നത്.
പുരപ്പുറ സൗരോർജ പദ്ധതിയിൽ ഉത്പാദകരുടെ എണ്ണം വർധിച്ചപ്പോൾ ഇത് അവസരമായിക്കണ്ട് അധികവരുമാനം ലഭിക്കുമെന്ന് കണക്കാക്കിയാണ് കേരളം എനർജി ഡ്യൂട്ടി വർധിപ്പിച്ചത്.
ഉത്പാദനത്തിന് ഡ്യൂട്ടി ചുമത്താൻ സംസ്ഥാനത്തിന് അധികാരമില്ലെന്നിരിക്കേ കേരളത്തിന്റെ ഡ്യൂട്ടി നിയമപരമായി നിലനിൽക്കുമോ എന്നതിലാണ് പ്രശ്നം.
വൈദ്യുതി ഉത്പാദിപ്പിച്ച് കെ.എസ്.ഇ.ബി.ക്ക് നൽകുന്ന ഓൺഗ്രിഡ് ഉത്‌പാദക-ഉപയോക്താക്കൾക്ക് മാത്രമാണ് എനർജി ഡ്യൂട്ടി ബാധകം. കെ.എസ്.ഇ.ബി.യുമായി ബന്ധമില്ലാത്ത ഓഫ് ഗ്രിഡ് ഉത്പാദകർ ഡ്യൂട്ടി നൽകേണ്ടതില്ല.
കേന്ദ്രനയപ്രകാരം 2030-ഓടെ ആകെ ഉപയോഗത്തിന്റെ 50 ശതമാനം പുനരുപയോഗ ഊർജസ്രോതസ്സുകളിൽനിന്നാവണം വൈദ്യുതി ഉത്‌പാദനം. ഈ ലക്ഷ്യത്തിലെത്തണമെങ്കിൽ സൗരോർജ വൈദ്യുതി ഉത്‌പാദനം പരമാവധി പ്രോത്സാഹിപ്പിക്കണം.
ഇതിനിടെയാണ് സംസ്ഥാനത്ത് ഡ്യൂട്ടിവർധന നടപ്പാക്കിയിരിക്കുന്നത്.