മുംബൈ: വാഹന ഘടകങ്ങളുടെ നിർമ്മാതാക്കളായ സോന കോംസ്റ്റാർ 2025 സാമ്പത്തിക വർഷത്തോടെ 1,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നു. നിർദിഷ്ട നിക്ഷേപം പ്രധാനമായും ഇവി മേഖലയിലായിരിക്കുമെന്ന് ഗ്രൂപ്പ് സിഎഫ്ഒ രോഹിത് നന്ദ പറഞ്ഞു.
ഓട്ടോമൊബൈൽ നിർമ്മാതാക്കൾക്കുള്ള വൈദ്യുതീകരിച്ചതും വൈദ്യുതീകരിക്കാത്തതുമായ പവർട്രെയിൻ സെഗ്‌മെന്റിനായുള്ള സിസ്റ്റങ്ങളുടെയും ഘടകങ്ങളുടെയും പ്രധാന വിതരണക്കാരായ കമ്പനി, ഇലക്ട്രിക് വെഹിക്കിൾ (ഇവി) വിഭാഗത്തിൽ നിന്നുള്ള വരുമാനം അതിന്റെ മൊത്തം വരുമാനത്തിന്റെ 45 ശതമാനമായി വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു.
ഇവി വിഭാഗത്തിൽ നിന്നുള്ള നിലവിലെ വരുമാനം കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 25 ശതമാനം മാത്രമാണ്. 2023-2025 സാമ്പത്തിക വർഷത്തിനിടയിലായിരിക്കും നിർദിഷ്ട നിക്ഷേപം നടത്തുകയെന്ന് സോന ബിഎൽഡബ്ല്യു പ്രിസിഷൻ ഫോർജിംഗ്സ് ലിമിറ്റഡ് പ്രസ്താവനയിൽ പറഞ്ഞു. വിപുലീകരണ പദ്ധതി പ്രകാരം അസംബ്ലി ശേഷി വർധിപ്പിക്കാൻ കമ്പനി ഹരിയാനയിലെ മനേസറിൽ ഒരു പുതിയ പ്ലാന്റ് സ്ഥാപിക്കും.
അടുത്തിടെ കമ്പനി പൂനെയിലെ ഒരു ചെറിയ യൂണിറ്റിൽ നിന്ന് പുതിയ വലിയൊരു യൂണിറ്റിലേക്ക് മാറിയിരുന്നു. കൂടാതെ 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ സോന കോംസ്റ്റാർ 1,247 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തിയിരുന്നു, ഇത് മുൻവർഷത്തെ അപേക്ഷിച്ച് 15 ശതമാനം ഉയർന്നു.
ആഭ്യന്തര വിപണിയിൽ, ഇരുചക്ര വാഹനങ്ങൾക്കും ത്രീ വീലറുകൾക്കും യാത്രാ വാഹനങ്ങൾക്കുമായി കമ്പനി അതിന്റെ വ്യത്യസ്ത ഇവി ഘടകങ്ങൾ വിതരണം ചെയ്യുന്നു. 2022 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ഓർഡർ ബുക്ക് വലുപ്പം 18,600 കോടി രൂപയായിരുന്നു.