തൃശൂർ: ഏറ്റവും മികച്ച ഉപഭോക്തൃ അനുഭവം നൽകുന്നതിന് സൗത്ത് ഇന്ത്യൻ ബാങ്ക് രണ്ട് പുരസ്കാരങ്ങൾ സ്വന്തമാക്കി. സിംഗപൂരിൽ നടന്ന ആറാമത് ഡിജിറ്റൽ സിഎക്സ് അവാർഡ്സിൽ ‘ഔട്ട്സ്റ്റാൻഡിങ് ഡിജിറ്റൽ സിഎക്സ്- എസ്എംഇ ലോൺസ്’ വിഭാഗത്തിലാണ് ആദ്യ പുരസ്കാരം.
എസ്ഐബി നേടുന്ന രണ്ടാമത് അന്തർദേശീയ പുരസ്കാരമാണിത്. ബാങ്ക് അവതരിപ്പിച്ച ജിഎസ്ടി അടിസ്ഥാനമാക്കിയുള്ള അതിവേഗ ബിസിനസ് വായ്പാ ഡിജിറ്റൽ സേവനത്തിനാണ് ഈ പുരസ്കാരം.
ആഗോള ധനകാര്യ വ്യവസായ രംഗത്ത് വേറിട്ട ഡിജിറ്റൽ ഉപഭോക്തൃ അനുഭവം സൃഷ്ടിക്കുന്നവർക്കുള്ള അംഗീകാരമായി സിംഗപൂർ ആസ്ഥാനമായ ദി ഡിജിറ്റൽ ബാങ്കർ ആണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്.
ഇത്തവണ 13-ാമത് ഫിനോവിറ്റി അവാർഡ്സിൽ എസ്ഐബി വീണ്ടും പുരസ്കാരം നേടി. കാർഷിക ഉപഭോക്താക്കൾക്കു പ്രത്യേകമായി മൈക്രോ എൽഒഎസ് പ്ലാറ്റ്ഫോം അവതരിപ്പിച്ചതിനാണ് ഈ അംഗീകാരം.
ബാങ്കിങ്, ധനകാര്യ സേവന രംഗത്ത് നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഉപഭോക്തൃ അനുഭവവും സേവനവും മികവുറ്റതാക്കുന്നതിനാണ് ഈ പുരസ്കാരം നൽകുന്നത്. ഇത് തുടർച്ചയായ നാലാം തവണയാണ് എസ്ഐബി ഫിനൊവിറ്റി അവാർഡ് സ്വന്തമാക്കുന്നത്.
എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും മികച്ച ഡിജിറ്റൽ ബാങ്കിങ് അനുഭവം നൽകാനുള്ള ബാങ്കിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ ദേശീയ, അന്തർദേശീയ അംഗീകാരങ്ങളെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജറും ചീഫ് ഇൻഫർമേഷൻ ഓഫീസറുമായ സോണി എ. പറഞ്ഞു.
“മികച്ച ഉപഭോക്തൃ അനുഭവം സൃഷ്ടിക്കുന്നതിൽ സൗത്ത് ഇന്ത്യൻ ബാങ്ക് എന്നും മുൻപന്തിയിലാണ്. ഞങ്ങളുടെ സേവനങ്ങളും പ്രവർത്തനങ്ങളും വിശ്വാസ്യതയും സാങ്കേതികവിദ്യയും സംയോജിപ്പിച്ചുള്ളതാണ്.
ഈ പുരസ്കാരങ്ങൾ കൂടുതൽ മികവ് പുലർത്താനുള്ള പ്രചോദനം നൽകുന്നു. ഞങ്ങളുടെ പരിശ്രമങ്ങൾക്ക് ദേശീയ തലത്തിലും ആഗോള തലത്തിലും അംഗീകാരം ലഭിച്ചതിൽ അഭിമാനമുണ്ട്,” അദ്ദേഹം പറഞ്ഞു.
നുതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മികച്ച ഉപഭോക്തൃ അനുഭവം സൃഷ്ടിച്ചതിന് സൗത്ത് ഇന്ത്യൻ ബാങ്ക് ഇതുവരെ 50-ലധികം അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.