Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

രാജ്യത്തിന്റെ ജിഡിപിയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ

ന്യൂഡൽഹി: ഇന്ത്യയിലെ ദരിദ്ര നഗരങ്ങളുടെയും ധനിക നഗരങ്ങളുടെയും പട്ടിക പുറത്ത്. രാജ്യത്തിന്റെ ജിഡിപിയിൽ (ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്‌ട്) ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണെന്നാണ് രേഖകളിൽ വ്യക്തമാക്കുന്നത്.

ഇക്കോണമിക് അഡ്വൈസറി കൗൺസിൽ ടു ദി പ്രൈം മിനിസ്റ്റർ (പിഎംഇഎസി) പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരള, തമിഴ്‌നാട് എന്നിവയാണ് ഇന്ത്യൻ ജിഡിപിക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിലുള്ളത്. അതേസമയം, ഒരുസമയത്ത് സാമ്പത്തിക ശക്തിയിൽ മുന്നിലായിരുന്ന പശ്ചിമ ബംഗാൾ പോലുള്ള സംസ്ഥാനങ്ങൾ പിന്തള്ളപ്പെട്ടു.

പിഎംഇഎസിയുടെ കണക്കുകൾ പ്രകാരം ഡൽഹിയാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്ന സംസ്ഥാനം. തെലങ്കാന, കർണാടക, ഹരിയാന, തമിഴ്‌നാട് എന്നിവയാണ് ആദ്യ അഞ്ചിൽ വരുന്ന മറ്റ് സംസ്ഥാനങ്ങൾ.

1991ലെ കണക്കുകൾ പ്രകാരം രാജ്യത്തെ ഏറ്റവും വലിയ അ‌ഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രതിശീർഷ വരുമാനം ദേശീയ ശരാശരിയെക്കാൾ കുറവായിരുന്നു. എന്നാൽ പിന്നീട് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലുണ്ടായ ഉദാരവൽക്കരണം ഈ സംസ്ഥാനങ്ങളുടെ കുതിപ്പിന് കാരണമായി.

2024 മാർച്ചിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഈ സംസ്ഥാനങ്ങൾ ഇന്ത്യയുടെ ജിഡിപിയുടെ 30 ശതമാനമാണ് സംഭാവന ചെയ്യുന്നത്. മികച്ച സാങ്കേതിക വിദ്യാ ഉപഭോഗമുള്ള കർണാടകയും വ്യവസായ കേന്ദ്രങ്ങളുള്ള തമിഴ്‌നാടും ഈ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നു.

2014ൽ രൂപീകൃതമായ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമായ തെലങ്കാനയും മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവെച്ച് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ സവിശേഷ പങ്കാളിത്തം വഹിക്കുന്നു.

1960കളിൽ രാജ്യത്തിന്റെ ജിഡിപിയിൽ 10.5 ശതമാനം സംഭാവന ചെയ്തിരുന്ന പശ്ചിമ ബംഗാൾ 2024ൽ എത്തിയപ്പോൾ 5.6 ശതമാനമായി ഇടിഞ്ഞു. പ്രതിശീർഷ വരുമാനത്തിൽ തുടക്കം മുതൽ തന്നെ പിന്നിലായിരുന്ന രാജസ്ഥാൻ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പുറകിലാണ് ഇപ്പോൾ പശ്ചിമബംഗാളിന്റെ സ്ഥാനം.

അതേസമയം, സമീപ വർഷങ്ങളിൽ വിഹിതം 15 ശതമാനത്തിൽ നിന്ന് 13.3 ശതമാനമായി കുറഞ്ഞെങ്കിലും, ജിഡിപിയിൽ രാജ്യത്തിന് ഏറ്റവും വലിയ സംഭാവന നൽകുന്ന സംസ്ഥാനം മഹാരാഷ്ട്ര തന്നെയാണ്.

സാമ്പത്തിക തലസ്ഥാനമായ മുംബൈ സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തിന്റെ പ്രതിശീർഷ വരുമാനം 2024ഓടെ ദേശീയ ശരാശരിയുടെ 150.7 ശതമാനമായി വളർന്നു. എന്നിരുന്നാലും, പ്രതിശീർഷ വരുമാനത്തിൽ സംസ്ഥാനം ആദ്യ അഞ്ചിൽ ഇടം പിടിക്കുന്നില്ല.

ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളും ജിഡിപി സംഭാവന നൽകുന്നതിൽ പിന്നിലാണ്. 1960-61ൽ ഇന്ത്യയുടെ ജിഡിപിയുടെ 14 ശതമാനം സംഭാവന ചെയ്തിരുന്ന ഉത്തർപ്രദേശ് ഇപ്പോൾ 9.5 ശതമാനമായി കുറഞ്ഞു.

ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മൂന്നാമത്തെ സംസ്ഥാനമായ ബിഹാർ ദേശീയ സമ്പദ്‌വ്യവസ്ഥയിലേയ്ക്ക് സംഭാവന ചെയ്യുന്നത് 4.3 ശതമാനം മാത്രമാണ്.

X
Top