സ്വർണം കയ്യിലുണ്ടാകുന്നതിന്റെ നേട്ടം തിരിച്ചറിയുന്ന കാലമാണിത്. വില കുതിച്ചുയരുമ്പോൾ കയ്യിലൊരൽപ്പം പൊന്നുണ്ടെങ്കിൽ മൂല്യം വളരെ വലുതാണ്. സ്വർണത്തിൽ നിക്ഷേപിക്കാൻ താൽര്യപ്പെടുന്നവർക്ക് മികച്ച അവസരമാണ് ഈ ഡിസംബറിൽ കൈവന്നിരിക്കുന്നത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന സോവറിൻ ഗോൾഡ് ബോണ്ടിന്റെ 2023-24 സാമ്പത്തിക വർഷത്തിലെ മൂന്നാം ഇഷ്യു ഈ മാസത്തിൽ വാങ്ങാനാകും. 2015 ലെ ആദ്യ ഇഷ്യു കാലാവധി എത്തുമ്പോൾ നിക്ഷേപകന് ഇരട്ടിയിലധികം റിട്ടേൺ നൽകിയൊരു നിക്ഷേപമാണിത്.
പുതിയ ഇഷ്യു ഇങ്ങനെ
കഴിഞ്ഞ ദിവസം സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീമിന്റെ പുതിയ സീരീസുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തെ സീരീസ് മൂന്നും സീരിസ് നാലുമാണ് നിക്ഷേപകര്‍ക്കായി തുറക്കുന്നത്.
സോവറിന്‍ ഗോള്‍ഡ് ബോണ്ട് 2023-24 മൂന്നാം സീരിസ് ഡിസംബര്‍ 18 മുതല്‍ 22 വരെ സബ്‌സ്‌ക്രിപ്ഷന്‍ നടക്കും. ഡിസംബര്‍ 28 നാണ് ഇഷ്യു നടക്കുക. നാലാം സീരീസ് ഫെബ്രുവരി 12 മുതല്‍ 16 വരെ സബ്‌സ്‌ക്രിപ്ഷനായി തുറക്കും. ഫെബ്രുവരി 21 ന് ഇഷ്യു നടക്കും.
8 വർഷം കൊണ്ട് നിക്ഷേപം ഇരട്ടി
സോവറിന്‍ ഗോള്‍ഡ് ബോണ്ട് ആദ്യ ഇഷ്യു നംവബർ 30 തിനാണ് കാലാവധി എത്തിയത്. 2015 നവംബർ 30 അനുവദിച്ച ആദ്യ ഇഷ്യുവാണിത്. ഇഷ്യു സമയത്ത് യൂണിറ്റിന് / ഗ്രാമിന് 2,684 രൂപ നിരക്കിൽ നിക്ഷേപം നടത്തിയ ബോണ്ട് ഗ്രാമിന് 6,132 രൂപ നിരക്കിലാണ് റഡീം ചെയ്തത്.
ആദ്യ ഇഷ്യുവിൽ ആദ്യ ഇഷ്യുവില്‍ 35 ഗ്രാം സ്വർണം വാങ്ങിയ വ്യക്തി ഗ്രാമിന് 2,684 രൂപ നിരക്കിൽ 93,940 രൂപയാണ് നിക്ഷേപിച്ചത്. 6,132 രൂപ നിരക്കില്‍ ബോണ്ട് റഡീം ചെയ്യുമ്പോൾ 2,14,620 രൂപയാണ് ഇതിന്റ മൂല്യം. 128.50 ശതമാനം റിട്ടേണാണ് നിക്ഷേപകന് 8 വർഷത്തിനിടെ ലഭിച്ചത്. 1 ലക്ഷം രൂപ നിക്ഷേപിച്ചൊരാള്‍ക്ക് 2.30 ലക്ഷം രൂപ ലഭിക്കും.
നിക്ഷേപകർ ശ്രദ്ധിക്കണം
വ്യക്തികൾ, ഹിന്ദു അഭിവക്ത കുടുംബം, ട്രസ്റ്റുകൾ, സർവകലാശാലകൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് സോവറിൻ ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാൻ സാധിക്കുക. ഒരു ഗ്രാം അളവിലാണ് സോവറിൻ യൂണിറ്റുകൾ വാങ്ങാൻ സാധിക്കുക. കുറഞ്ഞത് 1 ഗ്രാം മുതൽ വാങ്ങാം.
വ്യക്തികൾ, ഹിന്ദു അഭിവക്ത കുടുംബം എന്നിവർക്ക് പരമാവധി നാല് കിലോവരെ വാങ്ങാം. ട്രസ്റ്റുകൾക്കും സമാനമായ സ്ഥാപനങ്ങൾക്കും സാമ്പത്തിക വർഷത്തിൽ 20 കിലോഗ്രാം ആണ് പരിധി. സോവറിൻ ഗോൾഡ് ബോണ്ടിന്റെ കാലാവധി എട്ട് വർഷത്തേക്കാണ്.
അഞ്ച് വർഷത്തിന് ശേഷം റിഡംപ്ഷൻ ഓപ്‌ഷനുണ്ട്. കാലാവധി വരെ നിക്ഷേപം തുടർന്നാൽ നികുതി നൽകേണ്ടി വരില്ല. അഞ്ചാം വർഷത്തിൽ പിൻവലിച്ചാൽ നിക്ഷേപത്തിന് മൂലധന നേട്ട നികുതി ബാധകമാകും.
സ്വർണ വില
സബ്‌സ്‌ക്രിപ്‌ഷന് മുമ്പുള്ള ആഴ്‌ചയിലെ അവസാന മൂന്ന് പ്രവൃത്തി ദിവസങ്ങളിൽ ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ ലിമിറ്റഡ് പ്രസിദ്ധീകരിച്ച 24 കാരറ്റ് സ്വർണ്ണത്തിന്റെ ക്ലോസിംഗ് വിലയുടെ ശരാശരി അടിസ്ഥാനമാക്കിയാണ് ബോണ്ടിന്റെ വില കണക്കാക്കുക.
സമാനമായി റിഡംഷൻ തീയതിയിക്ക് മൂന്ന് പ്രവൃത്തി ദിവസങ്ങളിലെ 24 കാരറ്റ് സ്വർണത്തിന്റെ ക്ലോസിംഗ് വിലയുടെ ശരാശരി അടിസ്ഥാനമാക്കിയാണ് വില കണക്കാക്കുക. ഓൺലൈനായി സോവറിൻ ഗോൾഡ് ബോണ്ട് വാങ്ങുമ്പോൾ ഗ്രാമിന് 50 രൂപ കുറവ് ലഭിക്കും.
എങ്ങനെ വാങ്ങാം
ബാങ്കുകൾ, പേയ്‌മെന്റ് ബാങ്കുകൾ, റീജിയണൽ റൂറൽ ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ , ക്ലിയറിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ എന്നിവ വഴി നേരിട്ടോ ഏജന്റ് മുഖേനയോ സോവറിൻ ഗോൾഡ് ബോണ്ടുകൾ വാങ്ങാം.
നിക്ഷേപകർക്ക് പ്രതിവർഷം 2.50 ശതമാനം എന്ന നിശ്ചിത നിരക്കിൽ അർധ വാർഷത്തിൽ പലിശയും ലഭിക്കും. സോവറിൻ ഗോൾഡ് ബോണ്ടുകൾ ഈട് നൽകി വായ്പയെടുക്കാനും സാധിക്കും.