
ഫ്ലോറിഡ: പുതുവർഷത്തിന്റെ തുടക്കത്തില്‍ തന്നെ രണ്ട് പുതിയ ചാന്ദ്ര പര്യവേഷണ ദൗത്യങ്ങള്‍ക്ക് തുടക്കം കുറിച്ച് സ്പേസ് എക്‌സ്. രണ്ട് സ്വകാര്യ കമ്പനികളുടെ ആളില്ലാ ലൂണാര്‍ ലാന്‍ഡറുകളാണ് നാസയുടെ സഹകരണത്തോടെ സ്പേസ് എക്‌സ് വിജയകരമായി വിക്ഷേപിച്ചത്.
നാസയുടെ കൊമേഴ്‌സ്യല്‍ ലൂണാര്‍ പേലോഡ് സര്‍വീസ് പദ്ധതിയുടെ ഭാഗമായുള്ള ബ്ലൂ ഗോസ്റ്റ്, റെസിലീയന്‍സ് എന്നീ ചാന്ദ്ര പര്യവേഷണ പേടകങ്ങളാണ് അമേരിക്കൻ കമ്പനിയായ സ്പേസ് എക്സ് ഇന്ന് വിക്ഷേപിച്ചത്.
ഫ്ലോറിഡയിൽ സ്ഥിതി ചെയ്യുന്ന നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ലാന്‍ഡറുകളുടെ വിക്ഷേപണം നടത്തിയത്.
ഇന്ത്യന്‍ സമയം രാവിലെ 11.41ന് രണ്ട് ലാന്‍ഡറുകളുമായി ഫാല്‍ക്കണ്‍ 9 കുതിച്ചുയര്‍ന്നപ്പോള്‍ ഒറ്റ വിക്ഷേപണത്തില്‍ ബഹിരാകാശത്തേക്ക് രണ്ട് ലാന്‍ഡറുകൾ അയച്ച ചരിത്രനേട്ടവും സ്പേസ് എക്‌സ് സ്വന്തമാക്കി. വിക്ഷേപണത്തിന് എട്ട് മിനിറ്റുകള്‍ക്ക് ശേഷം ഫാല്‍ക്കണ്‍ 9ന്‍റെ ബൂസ്റ്റര്‍ ഭാഗം തിരികെ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
വിക്ഷേപിച്ച ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍ അമേരിക്കയിലെ ഫയര്‍ഫ്ലൈ എയ്റോസ്പേസ് എന്ന കമ്പനിയുടെയും, റെസിലീയന്‍സ് ജപ്പാനിലെ ഐസ്‌പേസ് എന്ന കമ്പനിയുടെയും ഉടമസ്ഥതയിലുള്ളതാണ്.
റെസിലീയന്‍സില്‍ ടെനാസിറ്റി എന്ന് പേരുള്ള ചെറിയ റോവറും അടങ്ങിയിരിക്കുന്നു. ചന്ദ്രനെ കുറിച്ച് പഠിക്കാന്‍ 10 ശാസ്ത്രീയ ഉപകരണങ്ങള്‍ ലാന്‍ഡറുകളിലുണ്ട്. ചന്ദ്രന്‍റെ വ്യത്യസ്ത ഇടങ്ങളിലായിരിക്കും ഇരു ലാന്‍ഡറുകളും ഇറങ്ങുക.
അതേസമയം ബ്ലൂ ഗോസ്റ്റ് 45 ദിവസവും റെസിലീയന്‍സ് അഞ്ച് മാസവും എടുത്തായിരിക്കും ചന്ദ്രനില്‍ ഇറങ്ങുക. ബ്ലൂ ഗോസ്റ്റ് ചന്ദ്രനെ തുരന്ന് സാംപിള്‍ എടുക്കുകയും ഭൂമിയുടെ കാന്തികമണ്ഡലത്തിന്‍റെ എക്സ്‌റേ ചിത്രം പകര്‍ത്തുകയും ചെയ്യും.
അതേസമയം റെസിലീയന്‍സിലുള്ള റോവര്‍ ചന്ദ്രനിലെ റെഗോലിത്ത് ശേഖരിക്കും. ബ്ലൂ ഗോസ്റ്റും റെസിലീയന്‍സും വിജയിച്ചാൽ ഇതുവരെയുള്ള ഏറ്റവും വലിയ സ്വകാര്യ ചാന്ദ്ര പര്യവേഷണ ദൗത്യമായി ഇത് മാറും.