
ന്യൂഡൽഹി: ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കാൻ അനുമതി കാത്തിരിക്കുന്ന എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന് മേൽ സ്പെക്ട്രം നികുതി (എസ്.യു.സി -സ്പെക്ട്രം യൂസേജ് ചാർജ് ) ചുമത്താൻ സാധ്യത.
2022ൽ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ, ഐഡിയ തുടങ്ങിയ ടെറസ്ട്രിയൽ നെറ്റ്‌വർക്ക് ദാതാക്കളിൽ നിന്ന് ഈ വിഭാഗത്തിൽ നികുതി ഈടാക്കുന്നത് നിർത്തിയിരുന്നു.
അതേസമയം 2023 ഡിസംബറിൽ പാസാക്കിയ പുതിയ ടെലികോം നിയമത്തിന് അനുസൃതമായി, ലേലമൊഴിവാക്കി അഡ്മിനിസ്ട്രേറ്റീവ് അലോക്കേഷൻ വഴിയാണ് സ്റ്റാർലിങ്കിന് അനുമതി നൽകുന്നത്.
ഇതോടെ, രാജ്യത്തുനിന്നുള്ള മൊത്ത വരുമാനത്തിൽ മൂന്ന് ശതമാനമോ അധികമോ സ്പെക്ട്രം ഉപയോഗചാർജ് ആയി നൽകേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ടെലികോം കമ്പനികൾ നൽകേണ്ട എട്ടുശതമാനം ലൈസൻസ് ഫീസിന് പുറമെ സാറ്റ്കോം സേവനദാതാക്കൾ മൂന്നുശതമാനമോ അതിലധികമോ നികുതി നൽകേണ്ടിവരും.
സാറ്റ്കോം സ്പെക്ട്രം അനുവദിക്കലുമായി ബന്ധപ്പെട്ട് ടെലികോം വകുപ്പിന് (ഡി.ഒ.ടി) ട്രായ് വരും ദിവസങ്ങളിൽ ശുപാർശകൾ സമർപ്പിക്കും.
തുടർന്ന് പരിശോധനക്കും ആവശ്യമെങ്കിൽ തിരുത്തലുകൾക്കും ശേഷം ഇന്റർ-മിനിസ്റ്റീരിയൽ ഡിജിറ്റൽ കമ്യൂണിക്കേഷൻസ് കമീഷന് (ഡി.സി.സി) കൈമാറും.