മുംബൈ: മൂന്ന് ബോയിംഗ് വിമാനങ്ങളുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റ് പാട്ടത്തിന് നൽകുന്ന ഗോഷാക്ക് ഏവിയേഷൻ ലിമിറ്റഡുമായും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുമായും ഒത്തുതീർപ്പ് കരാറിൽ ഏർപ്പെട്ടതായി ഇന്ത്യൻ ലോ-കോസ്റ്റ് കാരിയറായ സ്‌പൈസ് ജെറ്റ് ലിമിറ്റഡ് ചൊവ്വാഴ്ച്ച അറിയിച്ചു.
കരാർ വ്യവസ്ഥകൾ രഹസ്യാത്മകമാണെന്നും, ഇതോടെ കക്ഷികൾ തമ്മിലുള്ള എല്ലാ വ്യവഹാര നടപടികളും അവസാനിച്ചതായും, ഇത് രണ്ട് ഇന്ധനക്ഷമതയുള്ള ബോയിംഗ് 737 MAX വിമാനങ്ങളും ഒരു ബോയിംഗ് 737-800 NG വിമാനവും കൂടി തങ്ങളുടെ നിരയിൽ ചേർക്കാൻ സ്പൈസ് ജെറ്റിനെ അനുവദിക്കുമെന്നും എയർലൈൻ പറഞ്ഞു.
സ്‌പൈസ്‌ജെറ്റ് അതിന്റെ വാടകക്കാരായ ആൾട്ടർന എയർക്രാഫ്റ്റ് ലിമിറ്റഡ്, എഡബ്യുഎഎസ് എന്നിവയുമായി തർക്കത്തിലാണ്, ഇതേ തുടർന്ന് അടുത്തിടെ വാടകക്കാർ കമ്പനിയുടെ വിമാനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ ഇന്ത്യൻ ഏവിയേഷൻ റെഗുലേറ്ററോട് ആവശ്യപ്പെട്ടിരുന്നു.
ഇതോടെ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, യെസ് ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവ സ്‌പൈസ്‌ജെറ്റിന്റെ വായ്പകൾ ഉയർന്ന അപകടസാധ്യതയുള്ള വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ച സ്‌പൈസ് ജെറ്റ് ലിമിറ്റഡിന്റെ ഓഹരികൾ 1.86 ശതമാനത്തിന്റെ നേട്ടത്തിൽ 46.70 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്