കോഴിക്കോട്: കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സപ്ലൈ ചെയിന്‍ ഫിനാന്‍സിംഗ് പ്ലാറ്റ്ഫോമായ സ്പ്ലെന്‍ഡ്രെ ഐമാഗ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഫിന്‍ടെക് ഉത്പന്നം ക്രെഡ്ഫ്ളോ ഖത്തര്‍ ഫിന്‍ടെക്ക് ഹബിന്‍റെ വേവ് 6 കോഹോര്‍ട്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ആഗോള ഫിന്‍ടെക് രംഗത്തെ പ്രധാനപ്പെട്ട കമ്പനിയായി സ്പ്ലെന്‍ഡ്രെ മാറി.
ഖത്തര്‍ ഡെവലപ്മെന്‍റ് ബാങ്ക്, ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്‍റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഫിന്‍ടെക് ഹബ് പ്രവര്‍ത്തിക്കുന്നത്. ക്രെഡ്ഫ്ളോയിലൂടെ തങ്ങളുടെ ശൃംഖല വര്‍ധിപ്പിക്കാനും വിദഗ്ധോപദേശം നേടാനും ഫിന്‍ടെക് ആവാസവ്യവസ്ഥയില്‍ കൂടുതല്‍ അവസരങ്ങള്‍ നേടാനും ക്രെഡ്ഫ്ളോയ്ക്ക് സാധിക്കും.
പ്രീസീഡ് മൂലധനനിക്ഷേപം, ബാങ്കിംഗ് സഹകരണം, വിപണി പ്രവേശം, എന്നിവ ഇതിലൂടെ ക്രെഡ്ഫ്ളോയ്ക്ക് ലഭിക്കും. ഇതുവഴി ഗള്‍ഫ്-വടക്കേ ആഫ്രിക്ക മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനും സഹായിക്കും.
2017 ല്‍ സ്ഥാപിതമായ സ്പ്ലെന്‍ഡ്രെ ഐഐഎംകെ ലൈവിലാണ് ഇന്‍കുബേറ്റ് ചെയ്തിരിക്കുന്നത്. കെ എസ് യു എമ്മിന്‍റെ യുണീക് ഐഡിയും ഇവര്‍ക്കുണ്ട്.
ഈ മേഖലയിലെ സുപ്രധാന വ്യവസായങ്ങളുമായി സഹകരിക്കാനും അതുവഴി ബിസിനസ് വിപുലീകരിക്കാനുമുള്ള അവസരമാണ് ഖത്തര്‍ ഫിന്‍ടെക് ഹബിലെ പ്രവേശനം വഴി സാധിച്ചിരിക്കുന്നതെന്ന് കമ്പനിയുടെ സിഇഒ അക്സല്‍ ബാലകൃഷ്ണന്‍ പറഞ്ഞു.
ഖത്തര്‍ ഡെവലപ്മെന്‍റ് ബാങ്ക്, ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്‍റര്‍ എന്നിവയുടെ അടിസ്ഥാനസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താമെന്നതും ഇതിന്‍റെ മേډയാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ പ്രധാന ഫിനാന്‍സ് സ്ഥാപനങ്ങളുമായി അടുത്ത് പ്രവര്‍ത്തിക്കാനുള്ള അവസരവും ഖത്തര്‍ ഫിന്‍ടെക് ഹബിലൂടെ സാധിക്കുമെന്ന് കമ്പനിയുടെ സഹസ്ഥാപകനും സിഒഒയുമായ അനില്‍ ബാലന്‍ പറഞ്ഞു.
ഉത്പാദകരും വിതരണ ശൃംഖലയിലുള്ള ഇടത്തരം ബിസിനസുകള്‍ക്കുമാണ് ക്രെഡ്ഫ്ളോയുടെ സേവനം ലഭിക്കുന്നത്. ഖത്തര്‍ വിപണിയിലുള്ള വായ്പാ അന്തരം കുറയ്ക്കുകയും അതു വഴി സംരംഭകരുടെ സാമ്പത്തിക സേവനങ്ങള്‍ പുതുദിശയിലേക്കെത്തിക്കുകയും ചെയ്യുകയും ഇവര്‍ ലക്ഷ്യമിടുന്നു.
ഓട്ടോമേറ്റഡ് പേയ്മന്‍റുകള്‍, ഡേഡിക്കേറ്റഡ് ക്രെഡിറ്റ് ലൈനുകള്‍ തുടങ്ങിയ സേവനങ്ങളും ഇവര്‍ നല്‍കി വരുന്നുണ്ട്.