
ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന് വീണ്ടും കനത്ത തിരിച്ചടി. അദാനി ഗ്രൂപ്പിൽ നിന്ന് വൈദ്യുതി വാങ്ങുന്ന പദ്ധതി ശ്രീലങ്കൻ സർക്കാർ ഉപേക്ഷിച്ചു. ശ്രീലങ്കൻ ഊർജ മന്ത്രാലയത്തെ ഉദ്ധരിച്ച് വിവിധ വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞവർഷം യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനും (എസ്ഇസി) യുഎസ് നികുതിവകുപ്പും അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയടക്കം ഗ്രൂപ്പിലെ ഉന്നതർക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ, അദാനി ഗ്രൂപ്പിന്റെ ലങ്കയിലെ പദ്ധതികൾ പുനഃപരിശോധിക്കുമെന്ന് പ്രസിഡന്റ് അനുര കുമാര ദിസ്സനായകെയുടെ സർക്കാർ വ്യക്തമാക്കിയിരുന്നു. യുഎസിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.
20 വർഷത്തെ കരാർ അടിസ്ഥാനത്തിൽ, 484 മെഗാവാട്ട് വൈദ്യുതി ഉൽപാദനശേഷിയുള്ള കാറ്റാടിപ്പാടം (wind energy) പദ്ധതിയാണ് വടക്കൻ ശ്രീലങ്കയിലെ മാന്നാർ, പൂനെരിൻ മേഖലകളിലായി അദാനി ഗ്രൂപ്പിന് കീഴിലെ അദാനി ഗ്രീൻ എനർജി സ്ഥാപിക്കുന്നത്.
ഏകദേശം 3,800 കോടി രൂപയാണ് നിക്ഷേപം. ശ്രീലങ്കയ്ക്ക് കുറഞ്ഞവിലയ്ക്ക് വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതിയാണിത്. കിലോവാട്ടിന് വെറും 0.0826 ഡോളർ മാത്രമാണ് നിരക്ക്.
പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കാറ്റാടിപ്പാടം പദ്ധതിക്കെതിരെ നേരത്തേ ജനരോഷം ഉയർന്നിരുന്നു. എന്നാൽ, പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത വിധത്തിലാണ് പദ്ധതിയെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.
അതേസമയം, അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം മാത്രമാണ് ഉപേക്ഷിച്ചതെന്നും കാറ്റാടിപ്പാടം പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് തടസ്സമില്ലെന്നുമാണ് സൂചനകൾ. വിഷയത്തിൽ അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ സുപ്രധാന തുറമുഖത്ത് അദാനി പോർട്സ് രാജ്യാന്തര കണ്ടെയ്നർ ടെർമിനലും സജ്ജമാക്കുന്നുണ്ട്.
അയൽരാജ്യമായ ബംഗ്ലദേശിന് വൈദ്യുതി നൽകാനായി ജാർഖണ്ഡിലെ ഗോഡ്ഡായിൽ 1,600 മെഗാവാട്ടിന്റെ വൈദ്യുതോൽപാദന പ്ലാന്റ് അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പവർ സ്ഥാപിച്ചിരുന്നു. ഇറക്കുമതി ചെയ്യുന്ന കൽക്കരി ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റാണിത്.
പൂർണമായും ബംഗ്ലദേശിന് വൈദ്യുതി ലഭ്യമാക്കുകയാണ് പ്ലാന്റിന്റെ ലക്ഷ്യം.
യുഎസിന്റെ ആരോപണങ്ങൾക്ക് പിന്നാലെ അദാനിയുടെ വൈദ്യുതിയോട് ബംഗ്ലദേശും മുഖംതിരിച്ചിട്ടുണ്ട്. മാത്രമല്ല, പ്ലാന്റിൽ നിന്ന് 800 മെഗാവാട്ട് വൈദ്യുതിയാണ് ബംഗ്ലദേശ് വാങ്ങുന്നത്.
ബാക്കി 800 മെഗാവാട്ട് എന്തുചെയ്യുമെന്നത് സംബന്ധിച്ച ചോദ്യചിഹ്നവും അദാനിക്ക് മുന്നിലിരിക്കേയാണ് പുതിയ തിരിച്ചടി. അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങിയ ഇനത്തിൽ 90 കോടി ഡോളറോളം ബംഗ്ലദേശ് കുടിശികയും വരുത്തിയിരുന്നു. ഇതു ഘട്ടംഘട്ടമായി വീട്ടാൻ ബംഗ്ലദേശ് തീരുമാനിച്ചിട്ടുണ്ട്.