
കൊളംബോ: അന്താരാഷ്ട്ര നാണയനിധിയുടെ വായ്പ നിബന്ധനകൾ പാലിക്കാൻ വൈദ്യുതി നിരക്ക് 275 ശതമാനം വർധിപ്പിച്ച് ശ്രീലങ്ക.
ഭക്ഷ്യ, ഇന്ധന ക്ഷാമവും വിലക്കയറ്റവും ദീർഘനേരത്തെ പവർകട്ടും കാരണം ദുരിതമനുഭവിക്കുന്ന ശ്രീലങ്കൻ ജനതക്ക് ഇരുട്ടടിയാണ് വൈദ്യുതി നിരക്ക് വർധന.
ആറുമാസം മുമ്പ് 264 ശതമാനം വർധിപ്പിച്ചിരുന്നു. രാജ്യത്ത് ദിവസം 140 മിനിറ്റ് പവർകട്ട് നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ വർഷം 13 മണിക്കൂർ വരെ വൈദ്യുതി മുടങ്ങിയിരുന്നു.
കടക്കെണിയിലായ ശ്രീലങ്കക്ക് പിടിച്ചുനിൽക്കാൻ ഐ.എം.എഫിന്റെ വായ്പ അനിവാര്യമായിരുന്നു. ശ്രീലങ്കക്ക് 209 കോടി ഡോളർ വായ്പ നൽകാനാണ് ഐ.എം.എഫ് തത്ത്വത്തിൽ സമ്മതിച്ചിട്ടുള്ളത്.