
ന്യൂഡല്‍ഹി: യൂണിഫൈഡ് പെയ്മന്റ് ഇന്റര്‍ഫേസ് (യുപിഐ) അംഗീകരിച്ച രാഷ്ട്രങ്ങളില്‍ ശ്രീലങ്കയും. ഇത് സംബന്ധിച്ച കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയും ഒപ്പുവച്ചു. വിക്രമസിംഗയുടെ ദ്വിദിന ഇന്ത്യ സന്ദര്‍ശന വേളയിലായിരുന്നു ചടങ്ങ്.
നീക്കം ഫിന്‍ടെക്ക് കണക്ടിവിറ്റി വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. യുപിഐ ഉപയോഗിക്കാന്‍ ഫ്രാന്‍സ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയുമായി ധാരണയിലെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാരീസ് സന്ദര്‍ശനവേളയിലായിരുന്നു ഇത്.
യുഎഇ,ഭൂട്ടാന്‍,നേപ്പാള്‍ എന്നിവ ഇതിനകം യുപിഐ സംവിധാനം രൂപീകരിച്ചിട്ടുണ്ട്. കൂടുതല്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ യുപിഐയില്‍ പേയ്മന്റ് സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. ഉപയോക്താക്കളെ അതിര്‍ത്തി കടന്നുള്ള ഇടപാടുകള്‍ നടത്താന്‍ അനുവദിക്കുന്നതിനായി 2023 ല്‍ സിംഗപ്പൂരിന്റെ പേ നൗവുമായി ഇന്ത്യ രൂപ ബന്ധിപ്പിച്ചു.