സ്റ്റാലിയന്‍ ഇന്ത്യ ഫ്‌ളൂറോകോമിക്കല്‍സ് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഇന്ന് തുടങ്ങും. 199.45 കോടി രൂപയാണ് ഐപിഒ വഴി കമ്പനി സമാഹരിക്കുന്നത്. ജനുവരി 20 വരെ ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാം. 85-90 രൂപയാണ് ഇഷ്യു വില. 165 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്.
ജനുവരി 21ന് ഓഹരികളുടെ അലോട്ട്‌മെന്റ് നടക്കും. ജനുവരി 23ന് സ്റ്റാലിയന്‍ ഇന്ത്യ ഫ്‌ളൂറോകോമിക്കല്‍സ് ലിമിറ്റഡിന്റെ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും.
1.78 കോടി പുതിയ ഓഹരികളുടെ വില്‍പ്പനയാണ് കമ്പനി നടത്തുന്നത്. ഇതിന് പുറമെ ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്) വഴി പ്രൊമോട്ടര്‍ ഷസാദ് ഷെരിയാല്‍ റുസ്‌തോംജിയുടെ കൈവശമുള്ള 43.02 ലക്ഷം ഓഹരികളും വില്‍ക്കും.
ഐപിഒ വഴി സമാഹരിക്കുന്ന തുക മൂലധന ചെലവിനായും പ്രവര്‍ത്തന മൂലധനത്തിനായും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കായും വിനിയോഗിക്കും. റഫ്രിജറന്റുകളുടെയും വ്യാവസായിക ആവശ്യത്തിനുള്ള വാതകങ്ങളുടെയും അനുബന്ധിത ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പനയാണ് കമ്പനി നടത്തുന്നത്.
വിവിധ വ്യവസായ മേഖലകളിലുള്ള കമ്പനികള്‍ക്ക് സ്റ്റാലിയന്‍ ഇന്ത്യ ഫ്‌ളൂറോകോമിക്കല്‍സ് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ ലാഭം 14.9 കോടി രൂപയും പ്രവര്‍ത്തന വരുമാനം 233.23 കോടി രൂപയുമാണ്.