
കൊച്ചി: സ്റ്റാർട്ടപ്പ് സംരംഭമായ ഫെമിസെയ്ഫിന് മൂന്നു കോടിയുടെ സീഡ് ഫണ്ടിങ്. സ്റ്റാർട്ടപ്പ് നിക്ഷേപകനും ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടറുമായ ഡോ. ടോം എം ജോസഫ് നേതൃത്വം നൽകിയ സീഡ് ഫണ്ടിങ് റൗണ്ടിലാണ് ഫെമിസെയ്ഫ് നിക്ഷേപം കരസ്ഥമാക്കിയത്.
റൗണ്ടിൽ കേരള എയ്ഞ്ചൽ നെറ്റ്വർക്ക്, ജെസ്( ലൂണാർ ഫാമിലി ഓഫീസ്), ബിയോണ്ട്ടെക് വെഞ്ചേഴ്സ്(ഒമാൻ), മുസ്തഫ കൂരി( ബ്ലാക്ക് പെപ്പർ ഹോൾഡിങ്സ്) എന്നീ നിക്ഷേപകരും പങ്കെടുത്തു. സ്ത്രീ ക്ഷേമത്തിനും ശുചിത്വത്തിനും മുൻതൂക്കം നൽകുന്ന ഫെമിസെയ്ഫ് നസീഫ് നാസർ, നൗറീൻ ഐയിഷ എന്നിവർ ചേർന്നാണ് ആരംഭിച്ചത്.
ഉത്പന്നം കൂടുതൽ മെച്ചപ്പെടുത്തി സപ്ലൈ ചെയിൻ ശക്തമാക്കിക്കൊണ്ട് വിപണി സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനാകും തുക വിനിയോഗിക്കുക. കൂടാതെ, ക്യു കൊമേഴ്സ് രംഗത്തേക്ക് പ്രവേശിക്കുവാനും പുതിയ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുവാനും ഗവേഷണ-വികസന മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുവാനും കമ്പനിക്ക് പദ്ധതിയുണ്ട്.
ആർത്തവം സംരക്ഷണം, സ്ത്രീകളുടെ ലൈംഗിക ആരോഗ്യം, ഗ്രൂമിങ് എന്നി വിഭാഗങ്ങളിലായി നിരവധി ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന ബ്രാൻഡ് സ്ത്രീജീവിതം കൂടുതൽ സൗകര്യപ്രദമാക്കുന്നതിന് ആർത്തവം, ലൈംഗിക ആരോഗ്യം എന്നിവ സംബന്ധിച്ചുള്ള തെറ്റിധാരണകൾ തുടച്ചുനീക്കി സാമൂഹ്യ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്.
“സ്ത്രീകളുടെ ശുചിത്വ-ക്ഷേമ രംഗത്ത് നവീകരണങ്ങൾ നടപ്പാക്കുന്നതിനുള്ള കമ്പനിയുടെ പ്രയത്നത്തിൽ നിക്ഷേപകരുടെ വിശ്വാസവും പിന്തുണയും ഞങ്ങൾക്ക് വലിയ പ്രോത്സാഹനമാണ്. പുതിയ നിക്ഷേപം ഞങ്ങളുടെ ദൗത്യത്തിന് ലഭിച്ച അംഗീകാരമാണ്.
ഫെംടെക് മേഖലയിലെ സാധ്യതകൾ കൂടുതൽ അനാവരണം ചെയ്യാൻ സീഡ് ഫണ്ടിങ് സഹായിക്കും.”-ഫെമിസെയ്ഫ് സഹസ്ഥാപകൻ നസീഫ് നാസർ പറഞ്ഞു.
ആർത്തവ ശുചിത്വവും ലൈംഗികാരോഗ്യവും സംബന്ധിച്ചുള്ള അവബോധം വളർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഈ നിക്ഷേപം ഫെമിസെയ്ഫിന്റെ സ്വാധീനം വർദ്ധിപ്പിക്കാനും കൂടുതൽ സ്ത്രീകളുടെ ജീവിതത്തിൽ മാറ്റം വരുത്തുവാനും സഹായിക്കുമെന്നും സഹ സ്ഥാപക നൗറീൻ ഐയിഷ കൂട്ടിച്ചേർത്തു.
“സ്ത്രീകൾക്ക് അത്യാവശ്യവും എന്നാൽ അവഗണിക്കപ്പെട്ടതുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഫെമിസെയ്ഫ് കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയാണ് വീണ്ടും നിക്ഷേപം നടത്താനുള്ള തീരുമാനത്തിൻ്റെ പ്രധാന കാരണം.
നൂറീനിന്റെയും നസീഫിന്റെയും അഭിനിവേശവും കാഴ്ചപ്പാടും കമ്പനിയെ ഫെംടെക് മേഖലയിലെ മുൻനിരയിൽ എത്തിക്കും”- മുഖ്യ നിക്ഷേപകനായ ഡോ. ടോം എം ജോസഫ് പറഞ്ഞു.
പുതിയ നിക്ഷേപത്തിലൂടെ ഇന്ത്യയിൽ ഉടനീളം ഓഫ്ലൈൻ വിതരണ സൃംഖല ശക്തിപ്പെടുത്തുവാനും അടുത്ത വർഷം അവസാനത്തോടെ ക്യു കൊമേഴ്സിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുവാൻ പദ്ധതിയുണ്ടെന്നും ഫെമിസെയ്ഫ് ബിസിനസ് മേധാവി സബിൽ അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
സ്ത്രീകളുടെ ശുചിത്വം, ആരോഗ്യ സംരക്ഷണം എന്നിവയിൽ ഫെമിസെയ്ഫ് നിർണായക പങ്ക് വഹിക്കുമെന്നും സഹസ്ഥാപകയായ നൂറിന്റെ ദൃഢനിശ്ചയവും അഭിലാഷവുമാണ് ഞങ്ങളെ കമ്പനിയിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചതെന്നും കേരള എയ്ഞ്ചൽ നെറ്റ്വർക്ക് പ്രതിനിധി രേവതി കൃഷ്ണ പറഞ്ഞു.