നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്1,486 കോടി രൂപ ചെലവിൽ ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പാലം ഇന്ത്യയിൽ പൂർത്തിയായിവിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക മുനമ്പിനുള്ള കിഫ്ബി പദ്ധതി പ്രഖ്യാപിച്ച്‌ ധനമന്ത്രിചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ചൈന

വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക മുനമ്പിനുള്ള കിഫ്ബി പദ്ധതി പ്രഖ്യാപിച്ച്‌ ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കൻ മേഖലയെ ഒരു വ്യവസായിക സാമ്പത്തിക കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള വിഴിഞ്ഞം-കൊല്ലം-പുനലൂർ വ്യാവസായിക സാമ്പത്തിക വളർച്ചാ മുനമ്പ് (Vizhinjam Kollam Punalur Industrial and Economic Growth Triangle) പദ്ധതി കിഫ്ബി വഴി നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ അംഗീകാരം.

കമ്മീഷനിങ്ങിനു സജ്ജമായിക്കൊണ്ടിരിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകള്‍ കേരളത്തിന് പ്രയോജനപ്പെടുത്തുന്നതിനാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാല്‍ അറിയിച്ചു. കിഫ്ബി പദ്ധതികളുടെ പ്രഖ്യാപനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച്‌ കൊല്ലം, തിരുവനന്തപുരം എന്നീ തെക്കൻ ജില്ലകളിലായി 1,456 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പദ്ധതിയാണിത്. ഗ്രോത്ത് ട്രയാംഗിള്‍, വളർച്ചാ നോഡുകള്‍, സബ് നോഡുകള്‍, ഇടനാഴികള്‍ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഒരു വ്യാവസായികമേഖല സൃഷ്ടിക്കുക വഴി ഗതാഗത, ലോജിസ്റ്റിക്, വ്യവസായപാർക്കുകളുടെ ഒരു സംയോജനമാണ് സർക്കാർ വിഭാവനം ചെയ്യുന്നത്.

പ്രധാന ഹൈവേകള്‍ക്കും റെയില്‍ ശൃംഖലകള്‍ക്കും സമീപം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ പ്രത്യേകതകളെ അടിസ്ഥാനമാക്കി ആഗോളതലത്തില്‍ മത്സരിക്കാൻ കഴിയുന്ന ഒരു സ്മാർട്ട് ഇൻഡസ്ട്രിയല്‍ ഇക്കോസിസ്റ്റം വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം-കൊല്ലം-പുനലൂർ വളർച്ചാ ഇടനാഴിക്കുള്ളിലെ വിവിധ വികസന നോഡുകള്‍ ബന്ധിപ്പിക്കുന്നതിന് ഗതാഗത ഇടനാഴികള്‍ പ്രധാനമാണ്. വിഴിഞ്ഞം – കൊല്ലം ദേശീയ പാത 66 (NH 66), കൊല്ലം-ചെങ്കോട്ട ദേശീയ പാത (H 744) പുതിയ ഗ്രീൻഫീല്‍ഡ്, കൊല്ലം-ചെങ്കോട്ട റെയില്‍വേ ലൈൻ, പുനലൂർ – നെടുമങ്ങാട് വിഴിഞ്ഞം റോഡ് എന്നിവയാണ് ഈ വളർച്ചാ മുനമ്ബിന്റെ മൂന്ന് വശങ്ങള്‍. ഇവ ഈ പ്രദേശത്തുടനീളമുള്ള ഗതാഗതം വർദ്ധിപ്പിക്കുന്ന ശ്രദ്ധേയമായ ഇടനാഴികളാണ്.

കൂടാതെ പദ്ധതി പ്രദേശത്തിന് ഉള്ളില്‍ വരുന്ന തിരുവനന്തപുരം ഔട്ടർ റിംഗ് റോഡും , വിഴിഞ്ഞം- നാവായിക്കുളം ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോറും തലസ്ഥാന മേഖലയുടെ വികസനത്തിനു കൂടുതല്‍ കരുത്തേകും.

മേഖലാ വളർച്ച സുഗമമാക്കുന്നതിന്, നിരവധി പ്രധാന നോഡുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തുറമുഖത്തേക്ക് നേരിട്ട് പ്രവേശനമുള്ള അന്താരാഷ്ട്ര വ്യാപാരത്തിനുള്ള കവാടമായി പ്രവർത്തിക്കുന്ന വിഴിഞ്ഞം നോഡ്, നിലവിലുള്ള വ്യവസായങ്ങളെ ഗതാഗത ശൃംഖലകളുമായി ബന്ധിപ്പിക്കുന്ന കൊല്ലം അർബൻ സെന്റർ നോഡ്, പുനരുപയോഗ ഊർജ വ്യവസായങ്ങളുടെ കേന്ദ്രമായി മാറുവാൻ സാധ്യതയുള്ള പുനലൂർ നോഡ് എന്നിവയാണവ.

ഇത് കൂടാതെ, പള്ളിപ്പുറം – ആറ്റിങ്ങല്‍- വർക്കല , പാരിപ്പള്ളി-കല്ലമ്ബലം, നീണ്ടകര-കൊല്ലം, കൊല്ലം-കുണ്ടറ , കുണ്ടറ-കൊട്ടാരക്കര, അഞ്ചല്‍-ആയൂർ, നെടുമങ്ങാട്-പാലോട് തുടങ്ങിയ ഉപ-നോഡുകള്‍ പ്രാദേശിക വികസനത്തിന് പിന്തുണ നല്‍കുകയും, ആനുകൂല്യങ്ങള്‍ ഗ്രാമീണ മേഖലകളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.

തിരുവനന്തപുരത്തു വിഭാവന ചെയ്തിട്ടുള്ള ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ കൂടെ ഈ പദ്ധതിയുടെ ഭാഗം ആകുന്നതിലൂടെ നഗര ഗ്രാമ വ്യത്യാസമില്ലാതെ വികസന പ്രവർത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

X
Top