
തൃശ്ശൂർ: സംസ്ഥാനത്ത് വ്യാവസായികാടിസ്ഥാനത്തില്‍ കൂണ്‍ ഉത്പാദനത്തിനുള്ള പദ്ധതിയുമായി ഹോർട്ടികള്‍ച്ചർ മിഷൻ. ഓരോ ജില്ലയിലും കൂണ്‍ ഗ്രാമങ്ങള്‍ക്ക് തുടക്കമിടുകയാണ് ലക്ഷ്യം.
രാഷ്ട്രീയ കൃഷിവികാസ് യോജനയില്‍ ഉള്‍പ്പെടുത്തിയ പദ്ധതിക്ക് 30.25 കോടിയാണ് ചെലവ്. ഒരു ബ്ലോക്ക് പഞ്ചായത്തിനുകീഴിലെ രണ്ടോ മൂന്നോ പഞ്ചായത്തുകളെ ചേർത്താണ് കൂണ്‍ഗ്രാമം നടപ്പാക്കുന്നത്.
ഉത്പാദക യൂണിറ്റുകള്‍ക്കൊപ്പം സംസ്കരണം, മൂല്യവർധിത ഉത്പന്നങ്ങള്‍, വിപണനം എന്നിവയും ഉണ്ടാകും. സംസ്ഥാനത്ത് 100 കൂണ്‍ വില്ലേജുകളാണ് ലക്ഷ്യമിടുന്നത്. ചെറുകിട, വൻകിട കൂണ്‍ ഉത്പാദന യൂണിറ്റ്, വിത്തുത്പാദന യൂണിറ്റ് എന്നിവയ്ക്ക് 40 ശതമാനവും കമ്ബോസ്റ്റ്, പായ്ക്ക് ഹൗസ്, കൂണ്‍ സംസ്കരണ യൂണിറ്റ് എന്നിവയ്ക്ക് 50 ശതമാനം നിരക്കിലും സബ്സിഡി ലഭ്യമാക്കും.
ഉത്പാദനോപാദികള്‍ കൂണ്‍ വില്ലേജിനുള്ളില്‍ ലഭ്യമാക്കും. കൂണ്‍ വിപണനം ചെയ്യാൻ സംവിധാനം ഒരുക്കുകയും ചെയ്യും. 100 ചെറുകിട കൂണ്‍ ഉത്പാദന യൂണിറ്റുകളുടെയും രണ്ടു വൻകിട കൂണ്‍ ഉത്പാദന യൂണിറ്റുകളുടെയും മൂന്ന് കൂണ്‍ സംസ്കരണ യൂണിറ്റുകളുടെയും രണ്ടു പായ്ക്ക് ഹൗസുകളുടെയും 10 കമ്ബോസ്റ്റ് ഉത്പാദന യൂണിറ്റുകളുടെയും പ്രവർത്തനങ്ങളാണ് 20 ബ്ലോക്കുകളില്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കുക.
രണ്ടു ലക്ഷം രൂപ വരെ സഹായധനം ലഭിക്കുന്ന ഈ പദ്ധതിക്ക് കർഷകർ, കൃഷിക്കൂട്ടങ്ങള്‍, കർഷകസംഘങ്ങള്‍, ഫാർമർ, പ്രൊഡ്യൂസർ ഓർഗനൈസേഷനുകള്‍, കുടുംബശ്രീ എന്നിവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നല്‍കും.
വിവരങ്ങള്‍ക്ക് കൃഷിഭവനുമായി ബന്ധപ്പെടണം. സ്റ്റേറ്റ് ഹോർട്ടികള്‍ച്ചർ മിഷൻ ഫോണ്‍: 0471 2330856, 2330857.
കൂണ്‍ മാഹാത്മ്യം
നാരുകളും പ്രോട്ടീനും അടങ്ങിയ കലോറി കുറഞ്ഞ ഭക്ഷണമാണ് കൂണ്‍. കൂടാതെ വൈറ്റമിൻ ബി കോംപ്ലക്സുകളായ നിയാസിൻ, റൈബോഫ്ളാവിൻ, പാന്റോത്തെനിക് ആസിഡ്, വിറ്റാമിൻ-ഡി, പൊട്ടാസ്യം, സിങ്ക്, മഗ്നീഷ്യം, ചെമ്ബ് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്.
കൊളസ്ട്രോള്‍ കുറവാണെന്നു മാത്രമല്ല, മനുഷ്യശരീരത്തിലെ വിറ്റാമിൻ-ഡി സംശ്ലേഷണത്തിന് സഹായകമായി പ്രവർത്തിക്കുന്ന എർഗോസ്റ്ററോളും കൂണിലുണ്ട്. ഒട്ടേറെ മൂല്യവർധിത ഉത്പന്നങ്ങളും കൂണില്‍നിന്ന് തയ്യാറാക്കാം.
കൃഷിരീതി
കുറഞ്ഞചെലവില്‍ കുറഞ്ഞ കാലയളവില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്ന സംരംഭമാണ് കൂണ്‍കൃഷി, അധികം സ്ഥലം അവശ്യമില്ല. വൈക്കോലിനു പുറമേ, അറക്കപ്പൊടി, വാഴത്തണ്ട്, കരിമ്പിൻചണ്ടി തുടങ്ങി വിവിധ മാധ്യമങ്ങളില്‍ ചിപ്പിക്കൂണ്‍ വളരും.
പോളിപ്രൊപ്പിലീൻ കവറുകളില്‍ 2.5 ഇഞ്ച് കനത്തില്‍ ഇവ അമർത്തിനിറയ്ക്കുക. ശേഷം ചുറ്റിലും കൂണ്‍വിത്തുവിതറും. മുറികളില്‍ ചാക്കോ കർട്ടനോകൊണ്ട് മറച്ച് ഇരുണ്ട അന്തരീക്ഷം സൃഷ്ടിക്കാം. വായുസഞ്ചാരത്തിനായി ദ്വാരങ്ങള്‍ ഇടാം.
14 ദിവസം കഴിയുമ്പോള്‍ ഇരുണ്ട അന്തരീക്ഷം മാറ്റി നല്ല വായുപ്രവാഹമുള്ള വളർത്തുമുറികളിലേയ്ക്കു മാറ്റണം. കൂണ്‍മൊട്ടുകള്‍ മൂന്നു-നാലു ദിവസത്തിനുള്ളില്‍ പുറത്തുവരാൻ തുടങ്ങും. രണ്ടു-മൂന്നു ദിവസത്തിനുള്ളില്‍ വിളവെടുപ്പും നടത്താം.