ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ONGC) ബംഗാൾ ഉൾക്കടലിലെ കൃഷ്ണ ഗോദാവരി തടത്തിൽ നിന്ന് ഉൽപ്പാദനം ആരംഭിച്ചതോടെ വരും പാദങ്ങളിൽ ഉൽപാദന വളർച്ച കൈവരിക്കുമെന്ന് വിശകലന വിദഗ്ധർ പറഞ്ഞു.
2024 സാമ്പത്തീക വര്ഷത്തിന്റെ രണ്ടാം പാദത്തിൽ, ക്രൂഡ് ഓയിൽ ഉൽപ്പാദനം 2.1 ശതമാനം ഇടിവോടെ 5.2 ദശലക്ഷം മെട്രിക് ടണ്ണായും (MMT), പ്രകൃതി വാതക ഉൽപ്പാദനത്തിൽ 2.8 ശതമാനം കുറവും ഒഎൻജിസി റിപ്പോർട്ട് ചെയ്തിരുന്നു.
കെജി ബേസിനിൽ ഒഎൻജിസിയുടെ ആഴക്കടൽ പദ്ധതിയിൽ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉൽപ്പാദനം 2023-ൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രോജക്ടിൽ നിന്നുള്ള ഉൽപ്പാദനം കമ്പനിയുടെ ഉൽപ്പാദന ഇടിവ് തടയുമെന്ന് പ്രതീക്ഷിക്കുന്നു.
ബ്ലോക്കിൽ നിന്നുള്ള മൊത്തം എണ്ണ ഉൽപ്പാദനം ഏകദേശം 23 MMT ആയിരിക്കുമെന്നും മൊത്തം വാതക ഉൽപ്പാദനം 50 BCM ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഇന്ത്യ ആവശ്യമുള്ളതിന്റെ 85 ശതമാനത്തിനും ക്രൂഡ് ഓയിൽ ഇറക്കുമതിയെ ആശ്രയിക്കുമ്പോൾ രാജ്യത്തെ പ്രകൃതി വാതകത്തിന്റെ 50 ശതമാനവും മറ്റ് രാജ്യങ്ങളിൽ നിന്നാണ്. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ, ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുണ്ട്.
എന്നിരുന്നാലും, വർദ്ധിച്ചുവരുന്ന ആഭ്യന്തര ഡിമാൻഡും കമ്പനികളുടെ ഉൽപാദന പ്രവണതകളും കണക്കിലെടുത്ത് രാജ്യം ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്നതായി കാണാം.
എസ് ആന്റ് പി ഗ്ലോബൽ കമ്മോഡിറ്റി ഇൻസൈറ്റ്സ് അനുസരിച്ച്, ഒക്ടോബറിൽ ഇന്ത്യയുടെ എണ്ണ ഉൽപന്ന ആവശ്യം പ്രതിദിനം 80,000 ബാരൽ (ബിപിഡി) വർദ്ധിച്ചിട്ടുണ്ട്.
അതേസമയം, പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ് (OIL) ഈ പാദത്തിൽ ക്രൂഡ് ഓയിൽ ഉൽപ്പാദനത്തിൽ ഏകദേശം 6 ശതമാനം വളർച്ച രേഖപ്പെടുത്തി, 0.835 MMT ക്രൂഡ് ഉത്പാദിപ്പിച്ചു.