കടന്നുപോകുന്നത് വിലക്കയറ്റത്തിന്‍റെ സ്വര്‍ണവര്‍ഷംസ്റ്റീലിൻ്റെ ഇറക്കുമതി തീരുവ ഇരട്ടിയാക്കണമെന്ന് സ്റ്റീൽ മന്ത്രാലയംചൈനയുടെ വ്യാവസായിക ലാഭത്തില്‍ വന്‍ ഇടിവ്ജിഡിപി ഇടിഞ്ഞതില്‍ ആര്‍ബിഐയെ പഴിചാരി കേന്ദ്രംഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.5% വളർച്ച കൈവരിക്കുമെന്ന് സർവേ

സംസ്ഥാന വിത്തുത്പാദന കേന്ദ്രം ഇനി കാര്‍ബണ്‍ ന്യൂട്രല്‍

ആലുവ: ആലുവ തുരുത്തിലെ സംസ്ഥാന വിത്തുത്പാദന കേന്ദ്രം ഇനി കാർബൺ ന്യൂട്രൽ. രാജ്യത്തെ ആദ്യത്തെ കാർബൺ ന്യൂട്രൽ കൃഷിയിടമാണിത്. കഴിഞ്ഞ പത്തു വർഷമായി രാസവളങ്ങളോ കീടനാശിനികളോ വിത്തുത്പാദനത്തിന്റെ ഒരു ഘട്ടത്തിലും ഉപയോഗിക്കാതെയാണ് കേന്ദ്രം ഈ നേട്ടം കൈവരിച്ചത്.

സംസ്ഥാന കൃഷിവകുപ്പിനു കീഴിൽ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയാണ് ഫാമിന്റെ പ്രവർത്തനം. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ ജൈവശാസ്ത്ര രീതിയിലൂടെ മാത്രമാണ് ഇവിടെ കൃഷി ചെയ്യുന്നത്. സംയോജിത കൃഷിരീതിയാണ് നടപ്പിലാക്കുന്നത്.

നാടൻ പശുക്കൾ, മലബാറി ആടുകൾ, കോഴി, താറാവ്, മത്സ്യം എന്നിവയെയും പരിപാലിക്കുന്നു. ഉത്പാദനശേഷിയുള്ള നെൽവിത്തിനങ്ങളും അന്യം നിന്നു പോകുന്ന നാടൻ നെൽവിത്തിനങ്ങളും കൃഷി ചെയ്ത് വിത്താക്കി മാറ്റുന്നു. ഇവ കർഷകർക്ക് ലഭ്യമാക്കുന്നുണ്ട്.

മണ്ണ് പരിശോധന, മൈക്രോ ബിയൽ അനാലിസിസ്, സോയിൽ പ്രൊഫൈൽ അനാലിസിസ് എന്നിവ അടിസ്ഥാനമാക്കിയാണ് ഫാമിലെ മണ്ണിലെ ഉയർന്ന ജൈവ കാർബൺ, സൂക്ഷ്മജീവി സാന്നിധ്യം, വിവിധ മൂലകങ്ങളുടെ സമ്പന്നത എന്നിവ കണ്ടെത്തിയത്.

ഐ.പി.സി.സി.യുടെ 2006 സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ പ്രകാരമാണ് ഫാമിലെ കാർബൺ കണക്കെടുപ്പ് നടത്തിയത്. 2021 ജൂലായ് മുതൽ 2022 ജൂൺ വരെ ഫാമിൽനിന്നുള്ള കാർബൺ തത്തുല്യ വാതകങ്ങളുടെ പുറന്തള്ളൽ 43.08 ടണ്ണും കാർബൺ ആഗിരണം 213.45 ടണ്ണും ആണെന്ന് കണ്ടെത്തി.

വിവിധ മേഖലകളിൽനിന്ന് ആകെ പുറന്തള്ളുന്ന കാർബണിനെക്കാൾ 170.37 ടൺ അധിക കാർബണാണ് ഫാമിൽ സംഭരിച്ചത്. കാർബൺ ന്യൂട്രൽ എന്നതിലുപരി കാർബൺ നെഗറ്റീവിലെത്താൻ ഇതുവഴി ഫാമിന് കഴിഞ്ഞു.

കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ് ഡീൻ ഡോ. പി.ഒ. നമീറിന്റെ നേതൃത്വത്തിലാണ് ഫാമിലെ കാർബണിന്റെ അളവിനെ കുറിച്ചുള്ള പഠനങ്ങൾ നടന്നത്.

X
Top