തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) മൂലധന നിക്ഷേപത്തിൽ (Capital Expenditure) ബജറ്റ് ലക്ഷ്യം കാണാനായില്ലെന്ന് ബാങ്ക് ഓഫ് ബറോഡയുടെ റിപ്പോര്‍ട്ട്.
കേന്ദ്രത്തില്‍ നിന്ന് പിന്തുണ ലഭിച്ചിട്ടും പ്രയോജനപ്പെടുത്താതെ നിരാശാജനകമായ പ്രകടനമാണ് സംസ്ഥാനങ്ങള്‍ നടത്തിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കേരളം ഉള്‍പ്പെടെ 25 സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിനായി ശേഖരിച്ചത്. ഈ സംസ്ഥാനങ്ങള്‍ സംയുക്തമായി കഴിഞ്ഞവര്‍ഷം ഉന്നമിട്ട മൂലധന നിക്ഷേപം 7.49 ലക്ഷം കോടി രൂപയായിരുന്നു.
എന്നാല്‍, 5.71 ലക്ഷം കോടി രൂപ ചെലവിടാനേ കഴിഞ്ഞുള്ളൂ. മൊത്തം ലക്ഷ്യത്തിന്റെ 76.2 ശതമാനമാണിത്.
മൂലധന നിക്ഷേപത്തിൽ ബജറ്റ് ലക്ഷ്യത്തിന്റെ 80 ശതമാനത്തിന് താഴെ മാത്രം ചെലവാക്കിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം.
19,330 കോടി രൂപ നിക്ഷേപം ലക്ഷ്യമിട്ട കേരളത്തിന് 13,407 കോടി രൂപ മാത്രമേ നടത്താനായുള്ളൂ; ലക്ഷ്യത്തിന്റെ 69.4 ശതമാനം.
കര്‍ണാടക, സിക്കിം, അരുണാചല്‍, ബിഹാര്‍ സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ നിക്ഷേപിച്ചു. ലക്ഷ്യമിട്ടതിന്റെ 130.6 ശതമാനം തുകയാണ് കര്‍ണാടക നിക്ഷേപിച്ചത്. 125.5 ശതമാനമാണ് സിക്കിമിന്റെ നിക്ഷേപം.
പട്ടികയില്‍ ഏറ്റവും പിന്നില്‍ ബജറ്റ് ലക്ഷ്യത്തിന്റെ 23.1 ശതമാനം മാത്രം കണ്ട ആന്ധ്രയാണ്. ത്രിപുരയ്ക്ക് 41.3 ശതമാനവും നാഗാലാന്‍ഡിന് 47.7 ശതമാനവും ലക്ഷ്യം കാണാനേ കഴിഞ്ഞുള്ളൂ. 50 ശതമാനത്തിന് താഴെ നിക്ഷപം നടത്തിയ സംസ്ഥാനങ്ങളിൽ ഹരിയാനയുമുണ്ട് (48.1 ശതമാനം).
വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ ലക്ഷ്യമിടുന്നതാണ് മൂലധന നിക്ഷേപം. എന്നാല്‍, പല സംസ്ഥാനങ്ങളും സാമ്പത്തിക ഭദ്രത ഉറപ്പാക്കാനായി, പദ്ധതികളിലേക്ക് പണമൊഴുക്കുന്നത് വര്‍ഷാന്ത്യത്തിലേക്ക് നീട്ടുകയും പിന്നീട് നടപ്പാക്കാനാവാതെ ഒഴിവാക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രായോഗിക പദ്ധതികളുടെ അഭാവവും ബാധിച്ചു. ചില സംസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയ അസ്ഥിരതകളും തിരിച്ചടിയായെന്നും റിപ്പോര്‍ട്ട് പറയുന്നു.