മുംബൈ: പുതുവര്‍ഷത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുഹൂര്‍ത്ത വ്യാപാരം ഇന്ന് നടക്കും. 6.15 മുതല്‍ 7.15 വരെ ഒരു മണിക്കൂർ നീണ്ടുനിൽക്കുന്നതായിരിക്കും വ്യാപാരം. ഹിന്ദു കലണ്ടർ വർഷമായ സംവത് 2079 ന്റെ തുടക്കമായി പരിഗണിച്ചാണ് മുഹൂര്‍ത്ത വ്യാപാരം നടക്കുക.
സ്റ്റോക്ക് മാർക്കറ്റുകളായ ബിഎസ്ഇയും എൻഎസ്ഇയും ദീപാവലി ദിനത്തിൽ അവധിയാണെങ്കിലും ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന മുഹൂർത്ത വ്യാപാരം നടക്കും. ബിഎസ്ഇയുടെയും എൻഎസ്ഇയുടെയും അറിയിപ്പ് അനുസരിച്ച്, ഇക്വിറ്റി, ഇക്വിറ്റി ഡെറിവേറ്റീവ് വിഭാഗത്തിലെ വ്യാപാരം 6:15-ന് ആരംഭിക്കും.
ഒരു മണിക്കൂറിന് ശേഷം വ്യാപാരം 7:15 ന് അവസാനിക്കും. അതേസമയം, പ്രീ-ഓപ്പൺ സെഷൻ വൈകുന്നേരം 6:00 ന് ആരംഭിച്ച് 6:08 വരെ നീണ്ടുനിൽക്കും.
ദുർബലമായ ആഗോള സൂചനകൾക്കിടയിൽ കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിൽ ചാഞ്ചാട്ടം പ്രകടമായിരുന്നു. കൂടാതെ ശനി, ഞായർ, തിങ്കൾ തുടങ്ങിയ മൂന്ന് ദിനങ്ങളിൽ ഓഹരി വിപണി അവധിയായിരുന്നു. ഇതിനു ശേഷമാണു ഒരു മണിക്കൂർ വ്യാപാരത്തിനായി ഇന്ന് വിപണി തുറക്കുക.
സെൻസെക്‌സും നിഫ്റ്റിയും മുഹൂർത്ത വ്യാപാരത്തിൽ മികച്ച രീതിയിൽ വ്യാപാരം നടത്തുമെന്ന പ്രതീക്ഷ ഉണ്ടെങ്കിലും ആഗോള വിപണി സാധ്യത കണക്കിലെടുത്ത് നഷ്ടമാകാനും സാധ്യതയുണ്ട്.
ഹിന്ദു വിശ്വാസ പ്രകാരം പുതിയ കാര്യങ്ങൾ ആരംഭിക്കുന്നതിന് ശുഭകരമായി കണക്കാക്കപ്പെടുന്ന സമയമാണ് മുഹൂർത്തം.
1957ലാണ് ബിഎസ്ഇയിൽ മുഹൂർത്ത വ്യാപാരം ആരംഭിക്കുന്നത്. 1992ൽ എൻഎസ്ഇയിൽ മുഹൂർത്ത വ്യാപാരം തുടങ്ങി.
അതേസമയം, ഇന്ത്യൻ ഓഹരി വിപണി മുഹൂർത്ത് വ്യാപാരത്തിനായി ഒരു മണിക്കൂർ മാത്രം തുറക്കുമെങ്കിലും ദീപാവലി ബലിപ്രതിപാദ പ്രമാണിച്ച് ബുധനാഴ്‌ച അവധിയായിരിക്കും.