ജപ്പാന്റെ രുചിലോകത്ത് തരംഗമാവുകയാണ് മലയാളിയുടെ സ്വന്തം അവിയലും സാമ്പാറുമെല്ലാം. അതിന് ചുക്കാൻ പിടിക്കുന്നത് ആലപ്പുഴ അരൂർ ആസ്ഥാനമായ ടേസ്റ്റി നിബിൾസും അതിന്റെ അമരക്കാരൻ ചെറിയാൻ കുര്യനും. കേരളത്തിന്റെ സ്വന്തം റൈസ് വിഭവങ്ങളും ഫിഷ് ബിരിയാണിയും മുതൽ തനതു കറിക്കൂട്ടുകൾ വരെ ഏതാണ്ട് പത്തോളം ഉത്പന്നങ്ങളാണ് ടേസ്റ്റി നിബിൾസ് ബ്രാൻഡിൽ ഇന്ന് ജാപ്പനീസ് തീന്മേശകളിൽ ഇടം കണ്ടെത്തുന്നത്.
ഫുഡ് ടെക്‌നോളജി വിദഗ്ദ്ധൻ കൂടിയായ ചെറിയാൻ കുര്യൻ രണ്ട് പതിറ്റാണ്ട് മുൻപ് ഈ സംരംഭത്തിന് തുടക്കമിടുമ്പോൾ കേരളത്തിന്റെ ഭക്ഷണപ്പെരുമയെ ആഗോളതലത്തിൽ പ്രശസ്തമാക്കുക എന്നതായിരുന്നു സ്വപ്നം. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളിൽ ഏറ്റവും കണിശത പുലർത്തുന്ന ജാപ്പനീസ് പങ്കാളിത്തവും ടെക്‌നോളജിയുമാണ് അതിനദ്ദേഹം തെരഞ്ഞെടുത്തത്.
പ്രോസസ്ഡ് സീഫുഡ് വിഭവങ്ങളിലായിരുന്നു തുടക്കം. എച്ച്ഐസി-എബിഎഫ് സ്പെഷ്യൽ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള ടേസ്റ്റി നിബിള്‍സ് എന്ന ബ്രാന്‍ഡ് 2001ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ജാപ്പനീസ് കമ്പനിയായ ഹിഗാഷിമാരു ഇന്‍റര്‍നാഷണല്‍ കോര്‍പറേഷന്‍ ആണ് പ്രധാന ഓഹരി പങ്കാളി.
എച്ച്ഐസി-എബിഎഫ് സ്പെഷ്യല്‍ ഫുഡ്സ് ഇന്ന് വിവിധ രാജ്യങ്ങളിലേക്ക് ടേസ്റ്റി നിബിള്‍സ് ബ്രാൻഡിൽ ഭക്ഷ്യവിഭവങ്ങള്‍ കയറ്റി അയക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള ക്യാന്‍ഡ് ട്യൂണയുടെ പ്രധാന കയറ്റുമതിക്കാർ കൂടിയാണ് കമ്പനി. ശീതീകരിച്ച് ഉണക്കിയ കൊഞ്ച്, ക്യാന്‍ഡ് മത്തി എന്നിവയും ടേസ്റ്റി നിബിള്‍സ് വിപണിയില്‍ എത്തിക്കുന്നു.
മലയാളികളുടെ തനതു രുചികൾ രാജ്യാന്തര വിപണിയിലെത്തിക്കുന്നതിലും ടേസ്റ്റി നിബിള്‍സ് മുന്നിലാണ്. കേരള ഫിഷ് കറികള്‍, മീന്‍ ബിരിയാണി, കപ്പ പുഴുക്ക്, ടൊമാറ്റോ റൈസ്, മീന്‍ കപ്പ ബിരിയാണി, കോക്കനട്ട് റൈസ്, വെജിറ്റബിള്‍ പുലാവ്, മീന്‍ പീര, മത്തി പീര വറ്റിച്ചത്, കൊഴുവ പീര വറ്റിച്ചത് എന്നിങ്ങനെ സ്വദേശത്തും വിദേശത്തുമുള്ള മലയാളിയുടെ വായിൽ കപ്പലോടാൻ പോന്ന വിഭവങ്ങളെല്ലാം ഇവിടെ തയ്യാർ.
കിടമത്സരം ശക്തമായ റെഡി-ടു-ഈറ്റ് മേഖലയിൽ പതിവ് ഉത്പന്നങ്ങൾക്കപ്പുറം നൂതനത്വവും ഉപഭോക്തൃ സംതൃപ്തിയും ഉറപ്പാക്കുന്നതിലാണ് തന്റെ ഫോക്കസ് എന്ന് ചെറിയാൻ കുര്യൻ പറയുന്നു. ഗവേഷണത്തിനും വികസനത്തിനും വലിയ പ്രാധാന്യമാണ് കമ്പനി നൽകുന്നത്. ഫ്രീസ് ഡ്രൈയിങ്, റിട്ടോര്‍ട്ട് പ്രോസസ്സിംഗ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ ഏറ്റവും ആദ്യം വിജയകരമായി നടപ്പിലാക്കിയ കമ്പനികളിൽ ഒന്നാണ് എച്ച്ഐസി-എബിഎഫ് സ്പെഷ്യൽ ഫുഡ്സ്.
രാജ്യത്തെ ഏറ്റവും മികച്ച കയറ്റുമതി സ്ഥാപനങ്ങളുടെ നിരയിൽ തുടർച്ചയായി സ്ഥാനം പിടിക്കാൻ കഴിയുന്നതും അതുകൊണ്ട് തന്നെ. ഇരുപത് വർഷത്തിനിടയിൽ ഒൻപത് തവണയാണ് എച്ച്ഐസി-എബിഎഫ് സ്പെഷ്യൽ ഫുഡ്സ് മികച്ച കയറ്റുമതി സ്ഥാപനത്തിനുള്ള അവാർഡ് കരസ്ഥമാക്കിയത്.
ഇന്ത്യൻ റെഡി-ടു-ഈറ്റ് വിപണി അതിന്റെ ശൈശവദശയിൽ ആണെന്ന് പറയാം. എന്നാൽ 2000 കോടി രൂപ മൂല്യമുള്ള ഈ വിപണി അതിവേഗം വളരുകയാണ്. നിലവിൽ ഇതിന്റെ 90%വും കയറ്റുമതിയാണ്. നോർത്ത് അമേരിക്കൻ റീജിയനാണ് പ്രധാന വിപണി. തുടർന്ന് യൂറോപ്പ്, ഓസ്‌ട്രേലിയ എന്ന ക്രമത്തിൽ പ്രവാസി സമൂഹം ശക്തമായ ഇടങ്ങളിലെല്ലാം വലിയ സാധ്യതയാണുള്ളത്.
വിദേശ വിപണികൾക്കൊപ്പം അതിവേഗം വളരുന്ന ആഭ്യന്തര വിപണിയെക്കൂടി ലക്ഷ്യംവെച്ചുള്ള മുന്നേറ്റമാണ് ടേസ്റ്റി നിബിൾസിന്റേത്. കേരള വിഭവങ്ങൾ ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കുന്നതിനൊപ്പം കിഴക്ക് ജപ്പാൻ മുതൽ പടിഞ്ഞാറ് അമേരിക്ക വരെ മലയാളി രുചിപ്പെരുമയുടെ ആഗോള മേൽവിലാസമായി മാറാനുള്ള യാത്ര തുടരുകയാണ് ടേസ്റ്റി നിബിൾസും അതിന്റെ അണിയറക്കാരും.