
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ ഇന്ത്യയിലെ വാഹന വിപണി മികച്ച വളർച്ച നേടി. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ നേരിയ ഇടിവുണ്ടായെങ്കിലും കാർ, ടു വീലർ വിപണി വിപണിക്ക് കരുത്ത് പകർന്നു.
മാർച്ച് 31ന് അവസാനിച്ച ഒരു വർഷത്തില്‍ ഇന്ത്യയിലെ വാഹന വിപണി 6.46 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. പാസഞ്ചർ വാഹന (PV) വിപണി 4.87 ശതമാനവും രണ്ട് ചക്ര വാഹനങ്ങളുടെ വില്പനയില്‍ 7.71 ശതമാനവും വർദ്ധനവുണ്ടായി.
ഇന്ത്യൻ ഓട്ടോവിപണിയുടെ വളർച്ചാ പാതയില്‍ ഗ്രാമപ്രദേശങ്ങളാണ് പ്രധാന തുടിപ്പ് നല്‍കിയതെന്നാണ് നിരീക്ഷണം. എന്നാല്‍ വാണിജ്യ വാഹന വിഭാഗത്തിന്റെ നിരാശാജനക പ്രകടനം വിപണിക്ക് വെല്ലുവിളിയാണ്.
ഗ്രാമപ്രദേശങ്ങളില്‍ മുന്നേറ്റം
ഗ്രാമപ്രദേശങ്ങളില്‍ രണ്ട് ചക്ര വാഹന വില്‍പ്പന 8.39% ഉയർന്നപ്പോള്‍ നഗരപ്രദേശങ്ങളില്‍ ഈ വർദ്ധനവ് 6.77% മാത്രമാണ്. പാസഞ്ചർ വാഹനങ്ങളുടെ വില്പനയും ഗ്രാമപ്രദേശങ്ങളില്‍ മികച്ചതായിരുന്നു, 7.93% വളർച്ച, നഗരപ്രദേശങ്ങളില്‍ 3.07% മാത്രമായിരുന്നു വളർച്ച.
വാണിജ്യ വാഹന വില്‍പ്പനയില്‍ ഇടിവ്
വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ കഴിഞ്ഞ സാമ്പത്തിക വർഷം 0.17% ഇടിവുണ്ടായി.
മാർച്ചിലെ പ്രകടനം:
പാസഞ്ചർ വാഹനങ്ങള്‍: +6%
വാണിജ്യ വാഹനങ്ങള്‍: +2.6%
രണ്ട് ചക്ര വാഹനങ്ങള്‍: -1.7%
പ്രധാന വെല്ലുവിളികള്‍
- ഓഹരി വിപണിയിലെ തളർച്ച ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷിയെ ബാധിക്കും
- ആഗോള സാമ്ബത്തിക പ്രതിസന്ധിയും കയറ്റുമതി രംഗത്തെ അനിശ്ചിതത്വവും വില്‍പ്പന കുറയ്ക്കാൻ ഇടയുണ്ട്
- ട്രംപിന്റെ പകരത്തീരുവ വാഹന നില്‍മ്മാതാക്കളുടെ മത്സരക്ഷമത കുറച്ചേക്കും
- സാമ്പത്തിക മാന്ദ്യ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഉപഭോക്താക്കള്‍ വാങ്ങല്‍ തീരുമാനം വൈകിപ്പിച്ചേക്കും
പലിശയിലെ ഇളവ് അനുഗ്രഹമാകും
കഴിഞ്ഞ ദിവസം നടന്ന റിസർവ് ബാങ്ക് ധന നയത്തില്‍ മുഖ്യ പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചത് വാഹന വിപണിക്ക് ഏറെ ആശ്വാസം പകരും.
ഇതോടെ വാണിജ്യ ബാങ്കുകള്‍ വാഹന വായ്പയുടെ പലിശ നിരക്കില്‍ കാല്‍ ശതമാനത്തിലധികം കുറവ് പ്രഖ്യാപിക്കാൻ ഇടയുണ്ട്.
പലിശ ഭാരം കുറയുന്നതിനാല്‍ വരും ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ വിപണിയില്‍ കൂടുതല്‍ സജീവമാകുമെന്നാണ് പ്രതീക്ഷ.