Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

വിപണിയിൽ നിന്നും വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമാകുന്നു

കൊച്ചി: ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം ശക്തമായതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തിയാർജിക്കുന്നു.

മേയ് മാസത്തിൽ ഇതുവരെ വിദേശ നിക്ഷേപകരും ഹെഡ്ജ് ഫണ്ടുകളും 28,000 കോടി രൂപയാണ് ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചത്. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതും ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റവും പൊതുതിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച അനിശ്ചിതത്വവുമാണ് നിക്ഷേപകരുടെ വിശ്വാസം നഷ്ടമാക്കുന്നത്.

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ ശക്തമായതോടെ ഏപ്രിലിലും വിദേശ നിക്ഷേപകർ 8,675 കോടി രൂപ പിൻവലിച്ചിരുന്നു.

ഹാേങ്കോംഗിലെ പ്രധാന സൂചികയായ ഹാംഗ് സെംഗ് കഴിഞ്ഞ മാസം ഇരുപത് ശതമാനം വളർച്ച നേടിയതോടെ വിദേശ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്നും പണം അവിടേക്ക് മാറ്റിയെന്ന് ബ്രോക്കർമാർ പറയുന്നു.

ഇന്ത്യയിലെ രാഷ്ട്രീയ സുസ്ഥിരത സംബന്ധിച്ച ആശങ്കകൾ നിക്ഷേപകരുടെ പിന്മാറ്റത്തിന് ഉൗർജം പകരുകയാണെന്നും വ്യാപാരികൾ പറയുന്നു.

അതേസമയം ആഭ്യന്തര നിക്ഷേപകരുടെ പണമൊഴുക്കാണ് ഒരു പരിധി വരെ ഇന്ത്യൻ വിപണിയെ പിടിച്ചുനിൽക്കാൻ സഹായിച്ചത്.

സിസ്റ്റമാറ്റിക് ഇൻവെസ്‌റ്റ്മെന്റ് പദ്ധതികളിലൂടെ ചെറുകിട നിക്ഷേപകർ പ്രതിമാസം 20,000 കോടി രൂപയ്ക്കടുത്ത് വിപണിയിൽ എത്തിച്ചതോടെ പ്രധാന ഓഹരി സൂചികകൾ കാര്യമായ നഷ്ടമില്ലാതെ വാരം പിന്നിട്ടു.

പശ്ചിമേഷ്യയിൽ യുദ്ധഭീതി വീണ്ടും ശക്തമായതോടെ രാജ്യാന്തര വിപണിയിൽ വൻകിട ഹെഡ്ജ് ഫണ്ടുകൾ ഓഹരികളിൽ നിന്നും പണം വലിയ തോതിൽ പിൻവലിച്ച് സുരക്ഷിത മേഖലകളായ സ്വർണം, ഡോളർ എന്നിവയിൽ നിക്ഷേപിക്കുകയാണ്.

കൊവിഡ് വ്യാപനത്തിനുശേഷം ഇന്ത്യൻ വിപണിയിലേക്ക് ഒഴുകിയെത്തിയ വിദേശ പോർട്ട്ഫോളിയോ നിക്ഷേപം തിരിച്ചൊഴുകാൻ തുടങ്ങിയെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിലും ഇന്ത്യയിൽ നിന്നും പുറത്തേക്കുള്ള പണമൊഴുക്ക് ശക്തമാകാനാണ് സാദ്ധ്യത.

അമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി സജീവമായി നിൽക്കുന്നതിനാൽ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുഖ്യ പലിശ കുറയ്ക്കാനുള്ള സാദ്ധ്യത മങ്ങിയതോടെ ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ നിന്നും വൻകിട ഹെഡ്ജ് ഫണ്ടുകളും നിക്ഷേപ സ്ഥാപനങ്ങളും പണം പിൻവലിച്ച് ബോണ്ടുകളിൽ നിക്ഷേപം നടത്തുന്നതും വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് മറ്റൊരു കാരണമാണ്.

X
Top