അബുദാബി: പ്രകൃതിസൗഹൃദവും ജനോപകാരപ്രദവുമായ പദ്ധതികളെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുമെന്ന സന്ദേശം നിക്ഷേപകർക്കു നൽകി കേരളം. ഇത്തരം പദ്ധതികൾ നേരിട്ട് ആരംഭിക്കാം.
3 വർഷത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മതി. കെ–സ്വിഫ്റ്റ് ഏകജാലക സംവിധാനത്തിലൂടെ സംരംഭങ്ങൾക്കാവശ്യമായ നടപടികൾ അതിവേഗം പൂർത്തിയാക്കുമെന്നും കേരളം നിക്ഷേപകർക്ക് ഉറപ്പു നൽകി.
അബുദാബി വാർഷിക നിക്ഷേപക സംഗമത്തിലെ കേരള സെഷനിലാണ് വ്യവസായ, ഐടി, വിനോദ സഞ്ചാര മേഖലകളിലെ നിക്ഷേപ സാധ്യതകൾ വിശദീകരിച്ചത്.
ആരോഗ്യം, വിദ്യാഭ്യാസം, ഇ–ഗവേണൻസ്, ടൂറിസം, ഊർജം തുടങ്ങിയ മേഖലയിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള കേരളത്തിൽ വിവിധ മേഖലകളിലെ സംവിധാനങ്ങളും സൗകര്യങ്ങളും വ്യവസായം – നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല വിശദീകരിച്ചു.
നിക്ഷേപകർക്ക് 3 മാസത്തെ വാടക സൗജന്യമായിരിക്കും. 30–99 വർഷത്തേക്കാണ് ഭൂമി പാട്ടത്തിന് നൽകുക. പദ്ധതി റദ്ദാക്കുകയാണെങ്കിൽ റജിസ്ട്രേഷൻ, സ്റ്റാംപ് ഡ്യൂട്ടി 100% തിരിച്ചുനൽകും.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ടൂറിസം സാധ്യതകൾ ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസ് വിശദീകരിച്ചു.
ഐടി, വ്യവസായം, അഗ്രോപ്രോസസിങ്, ലോജിസ്റ്റിക്സ്, ടൂറിസം, ഹെൽത്ത് ടൂറിസം തുടങ്ങി വിവിധ മേഖലകളിൽ കേരളത്തിൽ ഒട്ടേറെ നിക്ഷേപ അവസരങ്ങളുണ്ടെന്നും സംസ്ഥാനത്തെ ഏറ്റവും വലിയ നിക്ഷേപകരിൽ ഒരാളാണ് താനെന്നതിൽ അഭിമാനിക്കുന്നതായും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു.
കേരള സെഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലുലു ഗ്രൂപ്പിന്റെ പുതിയ പദ്ധതികളെക്കുറിച്ചും യൂസഫലി വിവരിച്ചു.
കേരളവുമായി കൈകോർക്കാൻ സന്നദ്ധമാണെന്നും ഇതുസംബന്ധിച്ച് വിശദമായ ചർച്ചകൾ ഉടൻ നടത്തുമെന്നും അബുദാബി ചേംബർ ഡയറക്ടർ മസൂദ് റഹ്മ അൽ മസൂദ് അൽ മെഹൈർബി പറഞ്ഞു.